ആ താരം താഴെ വീണുടഞ്ഞിട്ട് 36 വര്‍ഷം
|ഇന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും സാഹസികനായ നടനാണ് ജയന്‍ എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും അധികമാവില്ല.
മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്ന് 36 വര്‍ഷം. ഇന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും സാഹസികനായ നടനാണ് ജയന്‍ എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും അധികമാവില്ല. ഏത് കാലഘട്ടത്തിലും യുവാക്കള്‍ക്ക് ഒന്നടങ്കം ആവേശമാണ് ആ നടന്‍.
കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടമാണ് ജയന്‍റെ ജീവനെടുത്തത്. 1980 നവംബര്‍ 16 ന്. മദ്രാസിലെ ഷോളാവാരത്തായിരുന്നു ഷൂട്ടിംഗ്. തുടര്‍ന്ന് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇന്നും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്ന താരമാണ് ഈ നടന്‍.
കൃഷ്ണന്‍ നായര്‍ എന്നാണ് ജയന്‍റെ യഥാര്‍ഥ പേര്. കൊല്ലം സ്വദേശി.. 15 വര്‍ഷത്തോളം നേവിയിലായിരുന്നു ജയന്‍. പിന്നീടാണ് സിനിമാരംഗത്തേക്ക് എത്തിപ്പെടുന്നത്. ആദ്യ സിനിമ പുറത്തിറങ്ങുന്നത് 1974 ല്‍. ശാപമോക്ഷം. വില്ലന്‍ വേഷങ്ങളായാലും നായക വേഷങ്ങളായാലും ആക്ഷന്‍രംഗങ്ങള്‍ ജയന്‍റെ കയ്യില്‍ ഭദ്രമായിരുന്നു. സാഹസികരംഗങ്ങളിലഭിനയിക്കാന്‍ വല്ലാത്തൊരു അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെതന്നെ അഭിനയിച്ചു.
ആറുവര്‍ഷമേ അഭിനയരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും 116 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അതില്‍ ഒരു തമിഴ് ചിത്രവും ഉള്‍പ്പെടുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായ ആദ്യ സിനിമ.
എന്നാല്‍ ജയനിലെ നടനെ ജനകീയനാക്കിയത് ഐ വി ശശിയുടെ അങ്ങാടി എന്ന സിനിമയായിരുന്നു. അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയെ ഇന്നും കയ്യടിച്ചുകൊണ്ടാണ് ജനം വരവേല്‍ക്കുന്നത്.
മിമിക്രവേദിയിലൂടെ ഇന്നും നിരന്തരം പുനര്‍ജനിച്ചുകൊണ്ടിരിക്കയാണ് ജയന്‍.