ലാന്‍ഡ് ഓഫ് മൈന്‍; മികച്ച ഭാഷാ ചിത്രമായി ഓസ്കാര്‍ പടികളിലേക്ക്
|യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മികച്ച വിദേശ ഭാഷാ ചിത്രത്തിനായി ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഡാനിഷ് ചിത്രമാണ് ലാന്‍ഡ് ഓഫ് മൈന്‍. യുദ്ധ തടവുകാരായ ജര്‍മന്‍ പട്ടാളക്കാരെ ഡന്‍മാര്‍ക്കിലെ പടിഞ്ഞാറന്‍ തീരത്തെ ലക്ഷക്കണക്കിന് കുഴിബോംബുകള്‍ നിര്‍വീര്യമാക്കാന്‍ നിയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധാനന്തരം ഹിറ്റ്ലറുടെ നാസി ജര്‍മ്മനി അടിയറവ് പറഞ്ഞ ശേഷം ഡെന്‍മാര്‍ക്കിന് കൈമാറിയ ഒരു പറ്റം യുവാക്കളായ ജര്‍മ്മന്‍ പട്ടാളക്കാരെ ഡെന്‍മാര്‍ക്കിന്റെ പടിഞ്ഞാറന്‍ തീരത്ത് ജര്‍മനി പാകിയ ലക്ഷക്കണക്കിന് കുഴിബോംബുകള്‍ വെറും കൈകള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കാന്‍ നിയോഗിക്കുന്നു. യുദ്ധ തടവുകാരായ അവരെ ഡാനിഷ് സൈനിക മേധാവി കിരാതമായി കൈകാര്യം ചെയ്യുന്നതും ഒടുവില്‍ ഇരുവര്‍ക്കും ഇടയില്‍ ആത്മബന്ധം വളരുന്നതുമാണ് ചിത്രത്തിന്റ ഇതിവൃത്തം. ഈ സംഭവം ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് വിലയിരുത്തുന്നത്.
നമ്മള്‍ മതിലുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചു അതിര്‍ത്തികള്‍ അടക്കുന്നതിനെ കുറിച്ചും രാജ്യങ്ങള്‍ വിഭജിക്കുന്നതിനെ കുറിച്ചും കൂടുതല്‍ സംസാരിക്കുന്നു. അതിനാലാണ് ചിത്രത്തിന്റെ തുടക്കം ഇതെന്റെ മണ്ണ് എന്ന് വിളിച്ചുപറയുന്നത്. യൂറോപ്പ് തുറന്ന പ്രദേശമാണെന്നാണ് കരുതുന്നത്, എന്നാല്‍ അടുത്ത് വരുന്പോള്‍ അവ വിഭജിക്കപ്പെട്ടതായി മനസിലാകും. എല്ലാം അവസാനിച്ച് 70 വര്‍ഷങ്ങളാകുന്പോഴും നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് സംവിധായകനായ മാര്‍ട്ടിന്‍ സാന്‍ഡ്‍വിയേറ്റ് പറഞ്ഞു.
പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹൊറര്‍ സിനിമകളുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ലാന്‍ഡ് ഓഫ് മൈന്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. സംവിധായകന്റെ നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ചിത്രം. ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം ചിത്രീകരിച്ചതിനാല്‍ തന്നെ ചിത്രത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സാന്‍ഡ്വിയേറ്റ് ഡെന്‍മാര്‍ക്കില്‍ ഇപ്പോള്‍ അനഭിമതനാണ്. നിരവധി ഭീഷണി സന്ദേശങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍ ദിവസവും ലഭിക്കുന്നത്.