പ്രശസ്ത തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു
|മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു
തമിഴ് സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍(41) അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
ആയിരത്തിലധികം ഗാനങ്ങള്‍ എഴുതിയ മുത്തുകമാറിന്റെ തൂലികയില്‍ പിറന്നവയെല്ലാം ഹിറ്റകളായിരുന്നു. സൈവത്തിലെ അഴകേ, തുപ്പാക്കിയിലെ വെണ്ണിലവെ, എന്നിവ അതില്‍ ചിലതാണ്. തങ്കമീന്‍കള്‍, സൈവം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും മുത്തുകുമാറിന് ലഭിച്ചിട്ടുണ്ട്.
സംവിധാന മോഹവുമായി സിനിമയിലെത്തിയ നാ മുത്തുകമാര്‍ ആദ്യം ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായിട്ടാണ് വര്‍ക്ക് ചെയ്തത്. ഈ സമയത്താണ് അദ്ദേഹം തന്റെ എഴുതാനുള്ള കഴിവ് തിരിച്ചിറിയുന്നത്. വിജയ് സംവിധാനം ചെയ്ത കിരീടത്തിന് വേണ്ടി അദ്ദേഹം സംഭാഷണമെഴുതി. വീര നാടൈ എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിക്കൊണ്ടാണ് ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സില്‍ക്ക് സിറ്റി(നോവല്‍), ന്യൂടണ്‍ ഇന്‍ മൂണ്‍ട്രാം വിധി, എന്നൈ സന്ധിക്ക കനവില്‍ വരാതെ(കവിതകള്‍) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.