പണം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; നടന് സുന്ദര്‍ സിക്കെതിരെ പരാതി
|തമിഴിലെ പ്രമുഖ സീരിയലായ നന്ദിനിയുടെ നിര്‍മ്മാതാവ് സുന്ദര്‍ ആണ്
പണം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി നടനും സംവിധായകനുമായ സുന്ദര്‍ സിക്കെതിരെ പരാതി. സംവിധായകനായ വേല്മുരുകന്റെതാണാ പരാതി. കമ്മീഷണര്‍ ഓഫീസില്‍ വേല്മുരുകന് പരാതി നല്കി. തമിഴിലെ പ്രമുഖ സീരിയലായ നന്ദിനിയുടെ നിര്‍മ്മാതാവ് സുന്ദര്‍ ആണ്. ആ സീരിയലിന്റെ കഥ എഴുതിയിരിക്കുന്നത് വേല്‍മുരുകനാണ്. തന്റെ കഥ 50 ലക്ഷം രൂപയ്ക്കാണ് സുന്ദര്‍ സി വാങ്ങിയതെന്നും എന്നാല്‍ തന്നത് വെറും നാല് ലക്ഷം മാത്രമാണെന്നും വേല്മുരുകന് പരാതിയില്‍ പറയുന്നു.
'' കഴിഞ്ഞ 27 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. നാല് ചിത്രങ്ങള്‍ക്ക് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തൊണ്ണൂറോളം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സംവിധായകരുടെ സംഘടനയിലെ സഹപ്രവര്ത്തകന് കൂടിയാണ്. നടനും സംവിധായകനുമായ സുന്ദര്‍ സി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ പല ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 15 വര്‍ഷമായി അദ്ദേഹത്തെ എനിക്കറിയാം. നന്ദിനിയുടെ കഥ 50 ലക്ഷത്തിനാണ് സുന്ദര്‍ സി വാങ്ങിയത്. പക്ഷേ അദ്ദേഹം 4 ലക്ഷം മാത്രമാണ് നല്‍കിയത്. ബാക്കിയുള്ള 46 ലക്ഷം അദ്ദേഹം ഇതുവരെ നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. പണം ചോദിക്കുമ്പോള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും വേല്മുരുകന് ആരോപിക്കുന്നു.