വിവാഹത്തെയും ദാമ്പത്യത്തെയും പറ്റി ബാലചന്ദ്രമേനോന് പറയാനുള്ളത്
|ഒരു പിണക്കമോ കേറീക്കലോ വാഗ്വാദമോ ഉണ്ടായാൽ അതിന്റെ കിരുകിരുപ്പ് 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?
തന്റെ വിവാഹവാർഷികത്തിന് ദാമ്പത്യജീവിതത്തെകുറിച്ച് തനിക്ക് പറയാനുള്ളതെല്ലാം ഫെയ്സ്‍ബുക്കിലൂടെ കുറിച്ച് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. പന്തിയിൽ നിന്ന് ഉണ്ടെഴുന്നേറ്റിട്ടു 'ഒന്നും ആയില്ല' എന്ന് പറയുന്ന ശാപ്പാട്ടുകാരന്റെ മനസ്സാണ് വിവാഹജീവിതത്തെപ്പറ്റി എനിക്ക് പറയാനുള്ളതെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. വിവാഹം എന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ ഒരു 'സാമൂഹ്യാവശ്യമാണെന്നും പെരുകിവരുന്ന വിവാഹമോചനങ്ങളെ കുറിച്ച് പറഞ്ഞ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിവാഹജീവിതത്തിന്റെ കുളിരു പോകാതെ നോക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെ ബാലചന്ദ്രമേനോന്‍ പറഞ്ഞുവെക്കുന്നു. പേരക്കുട്ടികള്‍ക്കൊപ്പമുള്ള തന്റെ കുടുംബ ഫോട്ടോയാണ് കുറിപ്പിനൊപ്പം അദ്ദേഹം നല്‍കിയിരിക്കുന്നത്.
ബാലചന്ദ്രമേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്ന് എന്റെ
സോറി
അല്ല , ഞങ്ങളുടെ വിവാഹവാർഷികമാണെന്നുള്ള സന്തോഷം പങ്കിടട്ടെ. എത്രാമത്തെയെന്നാവും അടുത്ത സംശയം. പിറന്നാളിന് പ്രായം പറയാൻ പാടില്ല എന്ന നിയമം ഇവിടെയും ബാധകമാണെന്ന് വരദ മൊഴിയുന്നു.
പന്തിയിൽ നിന്ന് ഉണ്ടെഴുന്നേറ്റിട്ടു 'ഒന്നും ആയില്ല' എന്ന് പറയുന്ന ശാപ്പാട്ടുകാരന്റെ മനസ്സാണ് വിവാഹജീവിതത്തെപ്പറ്റി എനിക്ക് പറയാനുള്ളത്. അതിന്റെ അർത്ഥം സ്വർഗ്ഗതുല്യമായ ഒരു ദാമ്പത്യമാണ് ഞങ്ങളുടേത് എന്നല്ല. ചട്ടിയും കലവും ആവുമ്പോൾ തട്ടീം മുട്ടീം ഇരിക്കും എന്ന് പണ്ടേ പറയാറുണ്ടല്ലോ. ചില സമയങ്ങളിൽ ഒരു കാരണവുമില്ലാതെ പരസ്പ്പരം കുറ്റങ്ങൾ ആരോപിച്ചു ഞങ്ങൾ ജീവിതം ദുസ്സഹമാക്കാറുണ്ട്. എന്നാൽ അതൊക്കെ സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് 'നിർവീര്യമാക്കും'. ഏപ്രിൽ 18 ൽ 'കട്ടില് വിട്ടുള്ള കളി വേണ്ട ' എന്ന ഡയലോഗ് എഴുതുമ്പോൾ അതിനു ഇത്ര കണ്ടു 'പെരുത്തു അർഥം' ഉണ്ടാകുമെന്നു കരുതീല്ല.
'വിവാഹിതരേ ഇതിലെ' എന്ന ചിത്രത്തിൽ മറ്റൊരു സന്ദർഭത്തിൽ ഇനി ഒരു ഡയലോഗ് കൂടിയുണ്ട്. "ഈ ലോകത്തു ഇന്നിത് വരെ ഒരു ഭാര്യക്കും അവൾ ആഗ്രഹിച്ച ഭർത്താവിനെ കിട്ടീട്ടില്ല; ഒരു ഭർത്താവിനും അയാൾ ആഗ്രഹിച്ച ഭാര്യയെയും കിട്ടീട്ടില്ല' എന്ന് . ഇതേപ്പറ്റി എന്റെ സഹധർമ്മിണി വരദ എന്തെങ്കിലും ഒന്ന്, എന്നെങ്കിലും ഒന്ന് ഉരിയാടട്ടെ. എന്നിട്ടാവാം എന്റെ പ്രതികരണം.
ഒന്ന് ഞാൻ തറപ്പിച്ചു പറയാം. വിവാഹം എന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ ഒരു 'സാമൂഹ്യാവശ്യമാണ്'. രണ്ടു പ്രത്യേക പശ്ചാത്തലങ്ങളിൽ വളർന്നുവന്ന രണ്ടു മനുഷ്യാത്മാക്കളെ 'അഗ്നിസാക്ഷി' യായും , 'സ്വർഗത്തിൽ തീർപ്പുകൽപ്പിച്ചതാണെന്നുമൊക്കെ ' പറഞ്ഞു ഒരു നുകത്തിൽ കെട്ടി 'വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് ' എന്ന കോറസും പാടി ഉന്തി വിടുന്ന ഏർപ്പാട് ...അതിനനുസരിച്ചു കുടുംബ കോടതികളിൽ തിരക്ക് കൂടുന്നു. ട്രിപ്പിൾ തലാഖ് തലവേദനയാകുന്നു . എന്നിട്ടും കല്യാണം പൊടിപൊടിക്കാൻ മനുഷ്യൻ മത്സരിക്കുന്നു. ഇവിടൊന്നും പോരാഞ്ഞു കടലിനടിയിലും ശൂന്യാകാശത്തും വെച്ചും മിന്നു കെട്ടുന്നു...അർമാദിക്കുന്നു .....
"മായാമയനുടെ ലീല
അത് മാനവനറിയുന്നീലാ ...' എന്ന് കവി പാടിയതിന്റെ അർഥം ഇത് തന്നെ.
അപ്പോൾ വിവാഹം എന്നത് നേരത്തെ പരഞ്ഞത് പോലെ സമൂഹത്തിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമായ ഒരാവശ്യമാണ്. വിവാഹജീവിതത്തിനു മാറ്റു കൂട്ടാനും 'പ്രതിക്കും വാദിക്കും ' കൂച്ചു വിലങ്ങിടാനുമായി ദൈവം എന്ന പരമകാരുണികൻ ഒന്നുകിൽ കുഞ്ഞുങ്ങളെ അല്ലെങ്കിൽ കുറച്ചു പ്രശ്നങ്ങളെ നമുക്ക് സമ്മാനിക്കുന്നു.
പിന്നെ വലിയെടാ വലി തന്നെ.
ഒരു നുകത്തിൽ കെട്ടിയ വാദിയും പ്രതിയും ഒരുമിച്ചു ഒരേദിശയിൽ വലിച്ചേ പറ്റു. എത്രപേർ അതിൽ വിജയിക്കുന്നു എന്നതു ചിന്ത്യം..'എന്ത് ചെയ്യാനാ ചേച്ചി ? എന്റെ കൊച്ചുങ്ങളുടെ അച്ഛനായിപ്പോയില്ലേ?' എന്നതിന്റെ പേരിൽ എത്ര എത്ര പേരാണ് ഈ വലി തുടരുന്നത് ! അതിനിടയിൽ ഒരു ചടങ്ങു പോലെ ഒരു വിവാഹവാർഷികവും . ഫെസ്ബൂക് വന്നപ്പോൾ ആ ദിനത്തിൽ വന്നെത്തുന്ന ആശംസകൾ മാത്രം ബാക്കി .
ഒരു ചെറിയ ചോദ്യം ദമ്പതിമാരോട്..... ഒരു പിണക്കമോ കേറീക്കലോ വാഗ്വാദമോ ഉണ്ടായാൽ അതിന്റെ കിരുകിരുപ്പ് 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?
ഇല്ലെങ്കിൽ കാര്യം നിസാരമല്ല; പ്രശ്നം ഗുരുതരമാണ്. പ്രതിയും വാദിയും ഒത്തു അതിനുള്ള വഴി കണ്ടെത്തണം. മൗനം നീണ്ടു പോയാൽ അത് ശീലമാവും.... ഒരുപാട് നനഞ്ഞാൽ കുളിരു പോകും. വിവാഹജീവിതത്തിന്റെ കുളിരു പോകരുത്... അത് പോകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. എന്റെ ഈ കുറിപ്പ് അങ്ങിനെ നിലനിൽക്കുന്ന ഈ കിരുകിരുപ്പ് അവസാനിക്കാൻ ഒരു കാരണമാവട്ടെ ..
ഇനി ഒരു സ്വകാര്യം ..
ഞങ്ങളുടെ വിവാഹജീവിതം സന്തോഷമയമാക്കാൻ ദൈവം രണ്ടു അംബാസ്സഡർമാരെ അയച്ചിരിക്കുന്നു. തന്മയയും അമേയയും....
അവരുമൊത്തു പുറത്തു വരുന്ന ആദ്യ ഫോട്ടോ ആണ് ഞങ്ങളുടെ സമ്മാനം ...
'ഒടുവിൽ മേനോനും കുടുംബവും തൊപ്പി ഇട്ടോ" എന്ന് തമാശിക്കാൻ ആരും ശ്രമിച്ചിട്ട് കാര്യമില്ല എന്തെന്നാൽ വര്ഷങ്ങള്ക്കു മുൻപ് ഏതോ പത്രക്കാരൻ എന്റെ ഒരു തൊപ്പി വെച്ച ഫോട്ടോ ഇട്ടിട്ടു 'മേനോൻ തലേക്കെട്ടഴിച്ചു തൊപ്പിയിട്ടു ' എന്ന് തമാശിച്ചിട്ടുണ്ട് ...
ഇപ്പോൾ ഇതിയാൻ എവിടെയാണോ എന്തോ ?
that's ALL your honour!