കാൻസ് ചലച്ചിത്രമേളയില്‍ നിന്ന് തങ്ങളുടെ ചിത്രങ്ങൾ മുഴുവൻ പിൻവലിക്കുകയാണെന്ന് നെറ്റ്‌ഫ്ലിക്സ്
|തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ മാത്രമേ മത്സരവിഭാഗങ്ങളുടെ ഗണത്തില്‍ ഉൾപ്പെടുത്തൂ എന്ന കാന്‍സ് ചലച്ചിത്രമേള അധ്യക്ഷന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നെറ്റ്‌ഫ്ലിക്സ് രംഗത്തെത്തിയത്
കാൻസ് ചലച്ചിത്രമേളയില്‍ നിന്ന് തങ്ങളുടെ ചിത്രങ്ങൾ മുഴുവൻ പിൻവലിക്കുകയാണെന്ന് സിനിമ റിലീസിങ് വെബ്സൈറ്റ് ആയ നെറ്റ്‌ഫ്ലിക്സ്. തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ മാത്രമേ മത്സരവിഭാഗങ്ങളുടെ ഗണത്തില്‍ ഉൾപ്പെടുത്തൂ എന്ന കാന്‍സ് ചലച്ചിത്രമേള അധ്യക്ഷന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നെറ്റ്‌ഫ്ലിക്സ് രംഗത്തെത്തിയത്.
നെറ്റ്‌ഫ്ലിക്സ് ചീഫ് കണ്‍ഡന്റ് ഓഫീസര്‍ ടെഡ് സരണ്‍ഡോസ് ആണ് കാന്‍സില്‍ നിന്ന് സിനിമകൾ പിൻവലിക്കുന്നതായി അറിയിച്ചത്. മേളയുടെ നിയമാവലി മാറിയ സാഹചര്യത്തില്‍ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും അതുകൊണ്ടാണ് സിനിമകൾ പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.. ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളെ മത്സരവിഭാഗത്തില്‍ ഉൾപ്പെടുത്തില്ല എന്നാണ് കാന്‍സ് ചലച്ചിത്രമേള സംഘാടകരുടെ നിലപാട്. ഫ്രാന്‍സിലെ തിയറ്ററുകളില്‍ സിനിമകൾ വിതരണം ചെയ്യാൻ നെറ്റ്ഫ്ലിക്സ് വിസമ്മതിക്കുകയാണെന്നും അതുകൊണ്ടാണ് അവരുടെ ചിത്രങ്ങൾ മത്സരവിഭാഗത്തില്‍ പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കാന്‍സ് ചലച്ചിത്രമേള അധ്യക്ഷൻ തീയേരി ഫ്രിമോക്‌സ് അറിയിച്ചു. മറ്റുവിഭാഗങ്ങളിൽ നെറ്റ്‌ഫ്ലിക്സിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ 109 മില്യണ്‍ സ്ട്രീമിങ് ഉപഭോക്താക്കളിലൂടെ ഈ വർഷം മാത്രം 80 ചിത്രങ്ങൾ റിലീസ് ചെയ്യാനാണ് നെറ്റ്‌ഫ്ലിക്സിന്റെ പദ്ധതി. വിൽ സ്മിത്ത് അഭിനയിച്ച ഫാന്റസി ത്രില്ലര്‍ ബ്രൈറ്റ്, സൈറ്റിന് പുറമെ ഏതാനും തിയറ്ററുകളിലും നെറ്റ്‌ഫ്ലിക്സ് റിലീസ് ചെയ്തിരുന്നു. എന്നാല്‍ പ്രമുഖ തിയറ്ററുകള്‍ നെറ്റ്‌ഫ്ലിക്സിന്റെ സിനിമകൾ പ്രദര്‍ശിപ്പിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. തിയറ്ററില്‍ റിലീസിനൊപ്പം തന്നെ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതാണ് കാരണം. 12 ദിവസം നീളുന്ന കാന്‍സ് മേളക്ക് അടുത്ത മാസമാണ് തുടക്കമാകുന്നത്.