Entertainment
യുക്തിഹീനമായ പീറസിനിമയാണ് ബാഹുബലിയെന്ന് ടി.പത്മനാഭന്‍യുക്തിഹീനമായ പീറസിനിമയാണ് ബാഹുബലിയെന്ന് ടി.പത്മനാഭന്‍
Entertainment

യുക്തിഹീനമായ പീറസിനിമയാണ് ബാഹുബലിയെന്ന് ടി.പത്മനാഭന്‍

admin
|
22 May 2018 10:59 PM GMT

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റ് പേജിലൂടെയാണ് പത്മനാഭന്റെ പ്രതികരണം

പതിവ് പോലെ ആരോപണങ്ങളുടെയും കൊതിക്കെറുവിന്റെയും പെരുമഴയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ശേഷവും ഉണ്ടായത്. അതിലേറ്റവും കൂടുതല്‍ ആരോപണ ശരങ്ങളേറ്റു വാങ്ങിയത് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ബാഹുബലിയായിരുന്നു. ഒരു മികച്ച ചിത്രത്തിന് വേണ്ട യാതൊന്നും ബാഹുബലിയില്ലെന്ന് ചലചിത്ര രംഗത്തുള്ളവര്‍ പ്രതികരിച്ചു. ചിത്രത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സാഹിത്യകാരനായ ടി.പത്മനാഭന്‍. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റ് പേജിലൂടെയാണ് പത്മനാഭന്റെ പ്രതികരണം.

യുക്തിഹീനമായ ഒരു പീറസിനിമയാണ് 'ബാഹുബലി'. അതിന് അവാര്‍ഡ് കൊടുത്തത് വഴിതെറ്റിക്കുന്നതു തന്നെയാണ്, അന്യായമാണ്. ഇത് ഞാനെവിടെയും പറയും.

കണ്ടിട്ട് സഹിക്കാന്‍പറ്റാതെ ഇറങ്ങിപ്പോന്ന സിനിമയാണ് 'ബാഹുബലി'. ഇതൊക്കെ സിനിമയാണെന്ന വിശ്വാസമുണ്ടാക്കുന്നു എന്നതാണ് ഈ അവാര്‍ഡുകൊണ്ടുള്ള ആപത്ത്. കഴിവുള്ള എത്രയോ ചെറുപ്പക്കാര്‍ നമ്മുടെനാട്ടില്‍ സിനിമയെടുക്കുന്നുണ്ട്. അവര്‍ക്ക് കിട്ടേണ്ടതാണ് ഇത്തരം വിരുതന്മാര്‍ തട്ടിയെടുക്കുന്നത്. ഒരു കലാരൂപത്തെയും ഇങ്ങനെ അവാര്‍ഡ്‌ കൊടുത്ത്‌ അപമാനിക്കാന്‍ പാടില്ല. അവാര്‍ഡുകള്‍ക്കുതന്നെ ഒരു നാണക്കേടാണ്‌ ഇത്തരം ഇടപാടുകള്‍.

നമ്മുട സത്യജിത്ത്‌ റായ്‌യും വിറ്റോറിയോ ഡിസീക്കയുമൊക്കെ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുടെ മുന്നില്‍ അപ്രാപ്‌തരാണ്‌. നമ്മുടെ കുറിച്യരുടെ കണ്ണവം കാട്ടില്‍ രാപകലില്ലാതെ ഷൂട്ടിംഗ്‌ നടത്താന്‍ എല്ലാ ഒത്താശയും ചെയ്‌തുകൊടുത്തത്‌ സര്‍ക്കാര്‍ തന്നെയാണ്‌. സിനിമ കഴിഞ്ഞ്‌ രാജമൗലിയും കൂട്ടരും അവിടെനിന്ന്‌ മടങ്ങിയ ശേഷം അവരുപേക്ഷിച്ച പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കാട്ടില്‍നിന്ന്‌ നീക്കം ചെയ്യാന്‍ ദിവസങ്ങളാണ്‌ വേണ്ടിവന്നത്‌. ഈ അന്യായത്തിന്‌ കണ്ണൂര്‍ കളക്‌ടറടക്കം കൂട്ടുനിന്നതിനെതിരേ പിണറായി വിജയന്‍ പങ്കെടുത്ത ജാഥയോടും ഞാന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. അതുപോലെ നമ്മുടെ മനസിലും ഒട്ടേറെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സിനിമയാണ്‌ ബാഹുബലി. അത്‌ നാം തിരിച്ചറിയണമെന്ന്‌ മാത്രം.

കര്‍ണാടകത്തിലെ ബന്ദിപൂര്‍ റിസര്‍വ്‌ വനത്തിലൂടെ രാത്രിയാത്ര നിരോധിച്ചത്‌ ഈ രാജ്യത്തെ കാടുകള്‍ മൃഗങ്ങള്‍ക്കുകൂടി അവകാശപ്പട്ടതാണെന്ന്‌ ഓര്‍മ്മപ്പെടുത്താനാണ്‌. എന്നാല്‍, കണ്ണവം കാടുകള്‍ രാപകല്‍ രാജമൗലിക്ക്‌ തീറെഴുതിക്കൊടുക്കാന്‍ നമുക്കൊരു മടിയുമുണ്ടായില്ല. പണവും സ്വാധീന ശക്‌തിയുമുള്ളവര്‍ക്ക്‌ എന്തുമാകാമെന്നാണ്‌ അവിടെ കണ്ടത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഈ പുരസ്‌കാരദാനം.

കണ്ണവം കാട്ടിലെ കുറിച്യര്‍, കാട്ടില്‍ വീണുകിടക്കുന്ന ഓല കത്തിക്കാന്‍ എടുത്തുകൊണ്ടുപോയാല്‍ അവരെ പിടിക്കാന്‍ പൊലീസുണ്ട്‌. എന്നാല്‍, രാജമൗലിമാരെയും മല്യമാരെയും നാം നിര്‍ബാധം കെട്ടഴിച്ചുവിടുന്നു.

Similar Posts