ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കിയെന്ന് ഫിലിം ചേംബര്‍
|മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്ന് ഫിലിം ചേംബര്‍
ലീല എന്ന സിനിമയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കിയതായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
ഫിലിം ചേംബറിനെ കരിവാരിതേക്കാനാണ് സംവിധായകന്‍ രഞ്ജിത്ത് ശ്രമിക്കുന്നതെന്ന് ചേംബര്‍ ഭാരവാഹികള്‍ ആരോപിച്ചു. മതിയായ രേഖകള്‍ ഹാജരാക്കാതെയാണ് അദ്ദേഹം ലീല എന്ന സിനിമയുടെ പബ്ളിസിറ്റി ക്ളിയറന്‍സിന് വേണ്ടി കത്ത് നല്‍കിയത്. ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ക്ളിയറന്‍സ് നല്‍കാമെന്ന് രഞ്ജിത്തിനെ അറിയിച്ചിരുന്നതാണ്. അതിനിടെയാണ് ഹൈക്കോടതിയില്‍ അദ്ദേഹം ഹരജി നല്‍കിയത്.
ഫിലിം ചേംബര്‍ അംഗമെന്ന നിലയ്ക്ക് രഞ്ജിത്ത് അച്ചടക്ക ലംഘനമാണ് കാണിച്ചത്. ഇക്കാര്യം അടുത്ത നിര്‍വ്വാഹക സമിതിയില്‍ അവതരിപ്പിക്കുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.