ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും
|വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് സമാപന സമ്മേളനം.
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും. സമാപന ദിനമായ നാളെ 25 ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തും. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് സമാപന സമ്മേളനം.
65 രാജ്യങ്ങളില്‍ നിന്നായി 190 ചിത്രങ്ങള്‍. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള സമാപനത്തോട് അടുക്കുമ്പോള്‍ ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരിലെത്തിക്കഴിഞ്ഞു. അവള്‍ക്കൊപ്പം, ഐഡന്‍റിറ്റി ആന്‍റ് സ്പേസ് എന്നിങ്ങനെ ശ്രദ്ധേയമായ ഒരുപിടി പാക്കേജുകളാണ് ഈ മേളയെ വ്യത്യസ്തമാക്കുന്നത്. മത്സരവിഭാഗ ചിത്രങ്ങളെക്കാള്‍ ലോക സിനിമ വിഭാഗത്തിലാണ് മികച്ച സിനിമകള്‍ കണ്ടതെന്നാണ് സിനിമാസ്വാദകരുടെ അഭിപ്രായം.
റോഹിങ്ക്യന്‍ വിഷയം ഉള്‍പ്പെടെ സമകാലിക പ്രശ്നം കൈകാര്യം ചെയ്ത നിരവധി ചിത്രങ്ങളാണ് ഈ മേളയിലെത്തിയത്. ഇന്ന് മത്സരവിഭാഗങ്ങളിലെ ഒമ്പത് ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും നിറഞ്ഞ സദസിലായിരുന്നു. ഉദ്ഘാടന ചിത്രം ദി ഇന്‍സള്‍ട്ട് ഇന്ന് വീണ്ടും പ്രേക്ഷകരിലെത്തി. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം പൂര്‍ത്തിയായതോടെ ഇനി സുവര്‍ണ ചകോര പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പാണ്. ഡെലിഗേറ്റുകള്‍ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തിത്തുടങ്ങി.