തമിഴകത്തിന്റെ സ്വപ്നസുന്ദരി പിന്നീട് പുരട്ചി തലൈവിയായി
|പ്രശസ്തിയും, നേതൃപാടവുമെല്ലാം ജയലളിത ആര്‍ജ്ജിച്ചത് സിനിമയില്‍ നിന്ന് തന്നെ. രാഷ്ട്രീയത്തിലെത്തുന്നത് വരെ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായിരുന്ന ജയലളിത, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയാണ് ജയലളിതയെ തമിഴ്നാട് രാഷ്ട്രീയത്തിലെ പുരട്ചി തലൈവിയാക്കിയത്. പ്രശസ്തിയും, നേതൃപാടവുമെല്ലാം ജയലളിത ആര്‍ജ്ജിച്ചത് സിനിമയില്‍ നിന്ന് തന്നെ. രാഷ്ട്രീയത്തിലെത്തുന്നത് വരെ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായിരുന്ന ജയലളിത, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
അറുപതുകളുടെയും എഴുപതുകളുടെ മധ്യകാലത്ത് തമിഴ് സിനിമരംഗത്ത് ജ്വലിച്ച് നിന്ന ജയലളിത അക്കാലത്തെ യുവത്വത്തിന്റെ സ്വപ്ന സുന്ദരിയായിരുന്നു. 1964ല്‍ പുറത്തിറങ്ങിയ ചിന്നഡ കൊംബെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള രംഗപ്രവേശം. അമ്മയും നടിയുമായ സന്ധ്യയുടെ നിര്‍ബന്ധപ്രകാരം പതിനഞ്ചാം വയസിലായിരുന്നു അത്. വന്‍ഹിറ്റായ ആ ചിത്രത്തോടെ സിനിമലോകത്തെ പുത്തന്‍ താരോദയമായി ജയലളിത മാറി. കന്നഡ മാത്രമല്ല, തെലുങ്കിലും തമിഴിലും ജയലളിത വെന്നിക്കൊടി പാറിച്ചു. ആദ്യ തമിഴ് ചിത്രമായ വെണ്ണിറൈ ആടെ മുതല്‍ സൂര്യകാന്തി, യാര് നീദൈവമകന്, തേടിവന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ജയലളിത തന്റെ അഭിനയമികവ് പുറത്തെടുത്തു. ജീസസ് എന്ന ചിത്രമാണ് ജയലളിതയുടെ ആദ്യത്തേതും അവസാനത്തേയും മലയാളചിത്രം.
ശിവാജി ഗണേശന്, എംജിആര്‍, രവി ചന്ദ്രന് തുടങ്ങി തെന്നിന്ത്യന്‍ സിനിമലോകത്തെ പ്രമുഖനടന്മാര്ക്കൊപ്പമെല്ലാം ജയലളിത ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചു. ആകെ അഭിനയിച്ച 140 സിനിമകളില്‍ 119 എണ്ണം ബോക്സ് ഓഫീസ് ഹിറ്റുകളാണ്. അഭിനയത്തില്മാത്രമല്ല, പാട്ടു പാടുന്നതിലും, നൃത്തത്തിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി കൂടിയായിരുന്നു ജയലളിത. 1980ല്‍ എഐഡിഎംകെ പ്രവര്‍ത്തകയാകുന്നത് വരെ ആ കലാജീവിതം തുടര്‍ന്നു.