സിനിമയില്‍ 'പട്ടേല്‍' വേണ്ട; ഗുജറാത്ത് ചിത്രത്തിന് 100 കട്ട് വിധിച്ച് സെന്‍സര്‍ ബോര്‍ഡ്
|ഷാഹിദ് കപൂര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ഉഡ്താ പഞ്ചാബി'ന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികക്ക് ഇരയാകാന്‍ ഒരു ഗുജറാത്തി ചിത്രവും.
ഷാഹിദ് കപൂര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ഉഡ്താ പഞ്ചാബി'ന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികക്ക് ഇരയാകാന്‍ ഒരു ഗുജറാത്തി ചിത്രവും. സംവരണം മുഖ്യ പ്രമേയമാക്കിയ 'സലഗ്തോ സവാല് അനാമത്തി'ന് 100 'കട്ട്' ആണ് സെന്‍സര്‍ ബോര്‍ഡ് വിധിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പുകയുന്ന പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ ഒരിടത്തും പട്ടേല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലത്രെ. അതുകൊണ്ട് തന്നെ ചിത്രത്തില്‍ പല ഭാഗത്തായി പരാമര്‍ശിക്കുന്ന പട്ടേലിനെ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിധി.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക്ക് പട്ടേലുമായി രൂപ സാദൃശ്യമുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുന്ന ഹര്‍ദിക്കിനെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നു. ചിത്രത്തില്‍ പട്ടേല്‍, പട്ടിദാര്‍ തുടങ്ങിയ രീതിയില്‍ പരാമര്‍ശിക്കുന്ന ഭാഗങ്ങളും മുറിച്ച് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും സര്‍ഗസൃഷ്ടിക്കും മേലാണ് കത്രിക വെക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന് രാജേഷ് ഗോഹില്‍ പറഞ്ഞു. ഹര്‍ദിക് പട്ടേലിനെക്കുറിച്ചുള്ള ചിത്രമല്ല തന്റേതെന്ന് സെന്‍സര്‍ ബോര്‍ഡിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംവിധായകന് വ്യക്തമാക്കി. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഡ്താ പഞ്ചാബ് പ്രദര്‍ശനത്തിനെത്തുന്ന ജൂണ്‍ 17 ന് തന്നെ സലഗ്തോ സവാല് അനാമത്തും റിലീസിനൊരുങ്ങുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക നീട്ടിയത്.