അന്നും ഇന്നും പിടികൊടുക്കാതെ രജനിയുടെ രാഷ്ട്രീയം
|താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തെ ആവേശത്തോടെ സ്വീകരിച്ച് ശീലമുള്ള തമിഴ് മണ്ണ് രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവും സ്റ്റൈല്‍ മന്നന്റെ സിനിമകള്‍ പോലെ ആഘോഷത്തോടെ ഏറ്റെടുക്കും
തമിഴകത്തിന്റെ താരം തന്നെയാണ് രജനികാന്ത്, തമിഴ് മക്കളുടെ കണ് കണ്ട ദൈവം. താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തെ ആവേശത്തോടെ സ്വീകരിച്ച് ശീലമുള്ള തമിഴ് മണ്ണ് രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവും സ്റ്റൈല്‍ മന്നന്റെ സിനിമകള്‍ പോലെ ആഘോഷത്തോടെ ഏറ്റെടുക്കും. പക്ഷേ ഇക്കാര്യത്തില്‍ മാത്രം പിടികൊടുക്കാതെ രജനി വഴുതിമാറുകയാണ്. രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ മാത്രം ആരാധകര്‍ക്ക് ഇന്നുമൊരു കടങ്കഥയാണ്.
ലോകമെമ്പാടും ആരാധകരുള്ള താരമാണ് രജനി..അഭിനയത്തിന്റെ കാര്യത്തില്‍ പലപ്പോഴും രജനിയുടെ പ്രകടനത്തെ അത്യുഗ്രം എന്ന് വിശേഷിപ്പാകാനാകില്ലെങ്കിലും എന്തുകൊണ്ടോ ഈ മനുഷ്യനെ ആരാധകര്‍ക്ക് ഇഷ്ടമാണ്. സിനമികളിലൂടെ രജനി പറയാതെ പറഞ്ഞു വച്ചത് തമിഴ് മക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളായിരുന്നു. ഒരു നടന് വേണ്ട ഗുണങ്ങളൊന്നുമില്ലാതെ ഒരാള്‍ സിനിമയിലെത്തി സൂപ്പര്‍താരമായി, ആ നടന്റെ സിനിമകള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂര്‍ത്തങ്ങള്‍...മേക്കപ്പില്ലാതെ പച്ച മനുഷ്യനായി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു..ഇത് എല്ലാവര്ക്കും അറിയാവുന്ന രജനി ചരിത്രം. വില്ലനായിട്ടായിരുന്നു രജനിയുടെ സിനിമാ പ്രവേശം. പതിയെ പതിയെ ആയിരുന്നു നായകനിലേക്കുള്ള ചുവടുമാറ്റം, പിന്നീട് തമിഴകം ചിരിക്കുന്നതും കരയുന്നതും ആര്‍ത്തുല്ലസിക്കുന്നതും രജനിയിലൂടെയായിരുന്നു. മൂന്നു മണിക്കൂര്‍ ജനങ്ങള്‍ എന്താണോ പ്രതീക്ഷിച്ചത് അത് നല്കാന് രജനി ചിത്രങ്ങള്‍ക്ക് സാധിച്ചുവെന്നു വേണം പറയാന്‍. തിന്മക്കെതിരെ പോരാടുന്ന നല്ലവനായ നായകന്, അമ്മയെ ദൈവമായി കാണുന്ന, സഹോദരങ്ങളെ വാത്സല്യത്തോടെ താലാട്ടുന്ന, സ്നേഹ സമ്പന്നനായ ഭര്‍ത്താവ്, സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവന്..പോരാത്തതിന് ഓരോ സിനിമകളും സമ്മാനിക്കുന്ന സ്റ്റൈല്‍മന്നന്റെ മാത്രം പഞ്ച് ഡയലോഗുകള്‍ രജനിയുടെ നായകന്മാരെ ആളുകള്‍ ഹൃദയത്തിലേക്കെടുത്തു വച്ചു. അക്കാലത്തൊന്നും കമലിന്റെയും അര്‍ജ്ജുന്റെയും ചിത്രങ്ങള്‍ പോലെ രാഷ്ട്രീയം പ്രമേയമായ ചിത്രങ്ങള്‍ രജനിയില്‍ നിന്നുണ്ടായിട്ടില്ല, ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം മാസ് സിനിമകളായിരുന്നു...പൂര്‍ണ്ണമായും എന്റര്ടെയ്ന്മെന്റുകള്.
എന്നാല്‍ ബാഷയിലെത്തിയതോടെ കഥകള്‍ കുറച്ചൊക്കെ മാറി. ബാഷ പോലുള്ള ചിത്രങ്ങള്‍ പറയാതെ പറഞ്ഞത് രജനിയുടെ രാഷ്ട്രീയമായിരുന്നു. പരാജയമായിരുന്നെങ്കിലും തമിഴ് ജനതയെ സന്തോഷിപ്പിച്ച ചിത്രമായിരുന്നു ലിംഗ. മുല്ലപ്പെരിയാര്‍ വിഷയം കത്തി നിന്ന സമയത്ത് ഡാമിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമായിരുന്നു ലിംഗ. ജാതീയ ചിന്തകള്‍ക്ക് മുകളിലാണ് ദേശീയത എന്നതും ചിത്രത്തിലൂടെ രജനി തമിഴ് മക്കളോട് പറഞ്ഞു. ബാബ, കൊച്ചടൈയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കുകുത്തി വീണപ്പോഴും രജനിയുടെ താരസിംഹാസനം ഇളകാതെ ഉറപ്പിച്ചത് രജനി എന്ന മനുഷ്യസ്നേഹിയുടെ ഗുണങ്ങളായിരുന്നു. എംജിആറിനെപ്പോലെ ദളപതിയും എന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും തമിഴകം പ്രതീക്ഷിച്ചു.
1996-ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് പരസ്യമായ രാഷ്ട്രീയ നിലപാടുകളുമായി രജനീകാന്ത് രംഗത്തുവന്നത്. അഴിമതിയില്‍ മുങ്ങിയ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ജി.കെ. മൂപ്പനാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിരുന്ന തമിഴ് മാനില കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്ന് രജനി അഭ്യര്‍ഥിച്ചിരുന്നു . എന്നാല്‍ പിന്നീട് നടന്ന 2001, 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ രജനിയുടെ ആഹ്വാനത്തിനായി രാഷ്ട്രീയപാര്‍ട്ടികള്‍ കതോര്ത്തെങ്കിലും നിരാശയായിരുന്നു ഫലം.
അതിന് ശേഷം 2014ല്‍ ലിംഗ ഓഡിയോ റിലീസിങ്ങിന്റെ ചടങ്ങിലാണ് രാഷ്ട്രീയത്തെക്കുറിച്ച് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. ദൈവം അനുവദിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നായിരുന്നു സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. രാഷ്ട്രീയം ഭയമില്ലെന്നും എന്നാല്‍ വ്യക്തമായ തിരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി രജനീകാന്തിനെ നേരിട്ടുകണ്ട് പിന്തുണ ആവശ്യപ്പെട്ടെങ്കിലും രജനി വഴങ്ങിയില്ല.
പിന്നീട് രജനിയുടെ രാഷ്ടീയ പ്രവേശത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിരവധി ചര്‍ച്ചകള്‍ ഉണ്ടായി. ഓരോ ചിത്രവും കഴിഞ്ഞുള്ള ഇടവേളകളില്‍ താരത്തിന്റെ അഭാവത്തെ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനയായി മാധ്യമങ്ങള്‍ വ്യാഖാനിച്ചു. അതുവരെയുള്ള രജനി സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു 2016ല്‍ പുറത്തിറങ്ങിയ കബാലി. വ്യക്തമായ രാഷ്ട്രീയം പറഞ്ഞ ചിത്രം. ദളിത് രാഷ്ട്രീയമായിരുന്നു കബാലിയില്‍ കബാലീശ്വരന് പറഞ്ഞത്. അമാനുഷികതയുടെ ഏച്ചുകെട്ടലില്ലാതെ പച്ചമനുഷ്യനായി രജനിയെത്തിയ ചിത്രം.
ജയലളിതയുടെ മരണ ശേഷം രജനീകാന്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നെങ്കിലും താരം മൌനം പാലിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരെ കാണാന്‍ സ്റ്റൈല്‍ മന്നനെത്തിയപ്പോഴും ആരാധകര്‍ പ്രതീക്ഷിച്ചത് പുതിയ ചിത്രത്തെക്കുറിച്ചുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചായിരുന്നു. എപ്പോഴും വഴുതി മാറാറുള്ള രജനി ഇക്കുറി രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. തല്‍ക്കാലത്തേക്ക് രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞെങ്കിലും രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താനൊരു നടനാണെന്നും അഭിനയിക്കുകയാണ് തന്റെ ജോലിയെന്നും എല്ലാം ദൈവം തീരുമാനിക്കും പോലെ നിറവേറുമെന്നായിരുന്നു തിങ്ങിനിറഞ്ഞ ആരാധകരെയും മാധ്യമങ്ങളെയും സാക്ഷിയാക്കി രജനി പറഞ്ഞത്.
21 വര്‍ഷം മുന്‍പ് ഡിഎംകെ സഖ്യത്തെ പിന്തുണച്ചില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്ന രജനി ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കില്ലെന്ന് പറയുമ്പോള്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യതതയും വീണ്ടും നീണ്ടുപോവുകയാണ്.