വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് ദിലീഷ് പോത്തന്‍
|34 വയസ്സോളം വരുന്ന ആലപ്പുഴക്കാരനായ മിഡില്‍ ക്ലാസില്‍ താഴെവരുന്ന ഈഴവനായി സുരാജ് ഏറ്റവും ചേര്‍ന്ന് നില്‍ക്കുമെന്ന് ഉറപ്പായിരുന്നു. ആ വിശ്വാസത്തില്‍ തന്നെയാണ് സുരാജിനെ....
വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. മാധ്യമം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. വളരാന്‍ വേണ്ടി തന്നെയായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്‍റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട്.
നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതാണ് തിരക്കഥയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. തിരക്കഥ സിനിമയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകം തന്നെയാണ്. എഴുതി തയ്യാറാക്കിയ തിരക്കഥയിലൂടെ തന്നെയാണ് സിനിമ വളരുന്നതും. എന്നാല്‍ തിരക്കഥ രൂപപ്പെടുന്നത് എവിടെയാണ് എന്നതിനാണ് പ്രാധാന്യം.
തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ പ്രാസദ് എന്ന കഥാപാത്രത്തിനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തതെന്നും അതില്‍ നൂറു ശതമാനം വിജയിച്ചുവെന്നാണ് തോന്നുന്നതെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി. കോമഡി ചെയ്യുന്നവര്‍ മോശക്കാരാണെന്ന അഭിപ്രായമില്ല. ഇമേജ് ബ്രേക്ക് ചെയ്യുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് പലരും ഒരേതരം കഥാപാത്രങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 34 വയസ്സോളം വരുന്ന ആലപ്പുഴക്കാരനായ മിഡില്‍ ക്ലാസില്‍ താഴെവരുന്ന ഈഴവനായി സുരാജ് ഏറ്റവും ചേര്‍ന്ന് നില്‍ക്കുമെന്ന് ഉറപ്പായിരുന്നു. ആ വിശ്വാസത്തില്‍ തന്നെയാണ് സുരാജിനെ കാസ്റ്റ് ചെയ്തത്.
സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ മലയാള സിനിമ ഒന്നടങ്കം അഭിനന്ദിച്ചോ അംഗീകരിച്ചോ പത്രങ്ങളില്‍ വലിയ പരസ്യം വന്നോ എന്നല്ല കാര്യം. അത്തരം കാര്യങ്ങള്‍ സുരഭിക്ക് പ്രോത്സാഹനം നല്‍കും എന്നത് നല്ല കാര്യമാണ്. സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമ്പോഴും വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടുമ്പോഴും ഒരുപാട് പേര്‍ക്ക് അത് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ക്കും സാധ്യമാണെന്ന വിശ്വാസം അവരിലുണ്ടാക്കുന്നുണ്ട്. അത്തരത്തിലാണ് അത് ഏറ്റവും ഫ്രലപ്രദമാകുന്നത്. അംഗീകരിക്കാതിരുന്നിട്ടോ അഭിനന്ദിക്കാതിരുന്നിട്ടോ കലയില്ലാതാവുന്നില്ല.
കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ് ( അഭിമുഖത്തിന്‍റെ പൂര്‍ണ രൂപത്തിന് മാധ്യമം ആഴ്ചപ്പതിപ്പ് കാണുക)