Entertainment
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്‍മം കൂടി...ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്‍മം കൂടി...
Entertainment

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്‍മം കൂടി...

Jaisy
|
24 May 2018 9:54 PM GMT

പ്രേമവും വാത്സല്യവും സൌഹൃദവും ഭക്തിയും മരണവും ആഘോഷവും തത്വചിന്തയുമെല്ലാം ആ തൂലികയില്‍ നിന്നൊഴുകി

വയലാര്‍ ഒരു മരമായിരുന്നു, കരളില്‍ തൊടുന്ന കവിതകള്‍ പെയ്യിക്കുന്ന മഴമരം..മനസില്‍ നിന്നും ഇറങ്ങിപ്പോകാത്ത പാട്ടുകളെഴുതുന്ന പാട്ട് മരം...ആ തൂലിക ചലിച്ചത് മുഴുവന്‍ ഹൃദയത്തില്‍ പിടിച്ചു വയ്ക്കാവുന്ന ഗാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എഴുതിയെഴുതി അയാള്‍ തന്നെ ഒരു മഹാകാവ്യമായി മാറി. മലയാളിയുടെ മഹാകാവ്യം. മലയാളികളുടെ കാതുകള്‍ക്ക് വേണ്ടി വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍ അയാളെഴുതി. വിട പറഞ്ഞിട്ട് നീണ്ട 42 വര്‍ഷം കഴിയുമ്പോഴും അദ്ദേഹം തൂലിക ചലിപ്പിച്ച പാട്ടുകള്‍ക്ക് എന്തൊരു ഭംഗിയാണ്. വയലാര്‍ രാമവര്‍മ്മ എഴുതുമ്പോള്‍ ആലുവാപ്പുഴയ്ക്കും ചന്ദ്രനും ഇന്ദ്രധനുസിനുമെല്ലാം ഇരട്ടി ചന്തമാണ്. പ്രേമവും വാത്സല്യവും സൌഹൃദവും ഭക്തിയും മരണവും ആഘോഷവും തത്വചിന്തയുമെല്ലാം ആ തൂലികയില്‍ നിന്നൊഴുകി. പാട്ടെഴുത്തുകാരന്റെ പര്യായമായി വയലാര്‍ മാറിയതിന് പിന്നിലും ആ പാട്ടുകളായിരുന്നു കാരണം.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25നാണ് വയലാറിന്റെ ജനനം. സമ്പന്ന കുടുംബത്തിലായിരുന്നു വയലാറിന്റെ ജനനം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ സംസ്കൃത വിദ്യാഭ്യാസവും വയലാര്‍ അഭ്യസിച്ചിരുന്നു. പിന്നീട് അര്‍ഥപൂര്‍ണമായ കവിതകളും പാട്ടുകളും എഴുതാന്‍ ഈ സംസ്കൃത പഠനം വയലാറിനെ സഹായിച്ചുവെന്ന് വേണം പറയാന്‍. കവി എന്നതിലുപരി സിനിമാ ഗാനരചയിതാവ് എന്ന പേരിലായിരുന്നു മലയാളി അദ്ദേഹത്തെ സ്വീകരിച്ചത്. സിനിമാപ്പാട്ട് എന്നാല്‍ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് എന്ന നിലയിലേക്ക് ആ ഹിറ്റ് കൂട്ടുകെട്ട് വളര്‍ന്നു. വയലാര്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്ന ഒരു പാട്ടുണ്ട്...അല്ല ഒരു പാട് പാട്ടുകള്‍.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും, ആകാശഗംഗയുടെ കരയില്‍, ബലി കുടീരങ്ങളെ, ആയിരം പാദസരങ്ങള്‍ കിലുങ്ങി, ഇടയ കന്യേക പോവുക നീ, ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍.

. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു . 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.

Similar Posts