പത്മാവതിനെതിരെ പ്രതിഷേധം തുടരുന്നു
|ചിത്രം നാളെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്
പത്മാവത് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കെ രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുന്നു. ചിത്രം നാളെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഗുജറാത്തില്‍ തീയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്സുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമാപ്രദര്‍ശന തിയതി അടുത്തതോടെ കനത്ത സുരക്ഷക്കിടെയും പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. അഹമ്മദാബാദില്‍ മൂന്ന് മള്‍ട്ടിപ്ലക്സുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ഒരു തീയേറ്ററും 150 ഓളം വാഹനങ്ങളും അഗ്നിക്കിരായക്കി. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ആക്രമണം രൂക്ഷമായതോടെ പൊലീസ് ആകാശത്തേക്ക് രണ്ട് റൌണ്ട് വെടിയുതിര്‍ത്തു. കലാപമുണ്ടാക്കിയതിന് 48 പേരെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഞായറാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ വിവധയിടങ്ങളിലും പ്രതിഷേധം ശക്തമായി. ചിത്രത്തിന്റെ വിലക്ക് നീക്കിയ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവര്‍ത്തിച്ചിരുന്നു. ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ടെന്നും കോടതി അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കിയിരുന്നു, അതിനിടെ സിനിമയിലെ ചില രംഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്കി. ഹരജി പെട്ടെന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.