മെര്‍സലിനെ പിന്തുണച്ച് കമല്ഹാസന്; ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യരുത്
|വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കണം
മെര്‍സലിനെതിരെ ബിജെപിയുടെ കുപ്രചരണങ്ങള്‍ ഉയരുമ്പോള്‍ ചിത്രത്തിന് പിന്തുണയുമായി കമല്ഹാസന്. മെര്‍സല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണെന്നും അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടിയാണ് നല്‍കേണ്ടതെന്നും അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല വേണ്ടതെന്നുമാണ് ഉലകനായകന്റെ ട്വീറ്റ്.
ചിത്രത്തില്‍ ചരക്കു സേവന നികുതി(ജി.എസ്.ടി)യെക്കുറിച്ച് നടത്തുന്ന പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. . ‘സിംഗപ്പൂരില്‍ 7 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയെങ്കിലും അവിടെ എല്ലാവര്ക്കും ചികിത്സ സൗജന്യമാണ്. ഉയര്‍ന്ന ജി.എസ്.ടി നിരക്കുകളുള്ള ഇന്ത്യയില്‍ ആരോഗ്യ രംഗം സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലെന്നും ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്. ഇതാണ് ബിജെപിക്കാരെ ചൊടിപ്പിച്ചത്. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സിനിമയിലെ ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്നാണ് ബിജെപി പറയുന്നത്.
അതിനിടെ സിനിമയ്ക്ക് പിന്തുണയുമായും വിമര്‍ശവുമായും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ മെര്‍സല്‍ v/s മോദി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ലിസ്റ്റിലാണ്. വിവാദങ്ങള്‍ക്കിടയിലും മെര്‍സല്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.