ചീത്ത വിളിയും ട്രോളുകളും; മലരേ തെലുങ്ക് ഗാനത്തിന്റെ കമന്റ് ബോക്സ് പൂട്ടി
|കമന്റ് ബോക്‌സില്‍ അഭിപ്രായം എഴുതാന്‍ സാധിക്കാത്ത സ്ഥിതിയാണ്
ചീത്ത വിളിയും ട്രോളുകളും മൂലം മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് എവരേയുടെ യൂട്യൂബ് പേജിലെ കമന്റ് ബോക്സ് പൂട്ടി. കമന്റ് ബോക്‌സ് പൂട്ടിയതോടെ ഇനിയാര്‍ക്കും പാട്ടിന്റെ താഴെയുള്ള കമന്റ് ബോക്‌സില്‍ അഭിപ്രായം എഴുതാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മലയാളത്തില്‍ ഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് റീമേക്കാണ് മജ്‍നു. ചിത്രം തെലുങ്കില്‍ ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ #RIPPremam എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നെ അത് വൈറലായി. കഴിഞ്ഞ ദിവസം മലരേ ഗാനത്തിന്റ തെലുങ്ക് പതിപ്പ് കൂടി യു ട്യൂബില്‍ വന്നതോടെ വീണ്ടും ഹാഷ് ടാഗ് തരംഗമായി. നിവിന്‍ പോളിയും സായി പല്ലവിയും തിളങ്ങിയ മലരേ ഗാനരംഗത്തിന്റെ ദയനീയമായ റീമേക്കായിരുന്നു എവരേയില്‍ കണ്ടത്. ഇതു കണ്ട ആരാധകര്‍ക്കും സഹിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ തെറിവിളി തുടങ്ങി, ഒപ്പം ഗാനത്തെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും. കമന്റുകള്‍ അതിര് വിട്ടതോടെ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് കമന്റ് ബോക്സിന് താഴിടുകയായിരുന്നു.
വിജയ് യേശുദാസാണ് മലരേ എന്നു തുടങ്ങുന്ന ഗാനം മലയാളത്തില്‍ ആലപിച്ചത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് രാജേഷ് മുരുഗേശനായിരുന്നു. എവരേ എന്നായിരുന്നു തെലുങ്ക് ഗാനം തുടങ്ങുന്നത്. വിജയ് തന്നെയാണ് തെലുങ്കിലും ഈ പാട്ട് പാടിയത്. തെലുങ്ക് റീമേക്കിനെതിരെ തമിഴിലും ട്രോളുകള്‍ സജീവമായിരുന്നു. കമന്റ് ബോക്സ് പൂട്ടിയെങ്കിലും എവരേ ഗാനം മൂന്ന് ദിവസം കൊണ്ട് എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.