ഓര്‍മ്മകളില്‍ ശങ്കരാടി
|2001 ഒക്ടോബര്‍ 9നാണ് ശങ്കരാടി അന്തരിച്ചത്
അരയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍, മലയാള സിനിമയിലെ ആ നാട്ടു കാരണവരായിരുന്നു ശങ്കരാടി. ഇത്രയേറെ ഗ്രാമീണത്വം നിറഞ്ഞ മുഖം സിനിമയിലുണ്ടാവുകയില്ല, അത്ര പരിചിതമായിരുന്നു മലയാളിക്ക് ആ മുഖം. രസികത്വം നിറഞ്ഞ ആ നാട്ടുകാരണവര്‍ ഓര്‍മ്മകളില്‍ മറഞ്ഞിട്ട് ഇന്ന് 15 വര്‍ഷം.
ഒന്നുകില്‍ നായകന്റെയോ നായികയുടെയോ ലേശം കുശുമ്പ് നിറഞ്ഞ് അച്ഛന്‍ അല്ലെങ്കില്‍ അമ്മാവന്‍, ചിലപ്പോള്‍ വലിയ തറവാട്ടിലെ കാര്യസ്ഥന്‍, അതുമല്ലെങ്കില്‍ ഭാര്യയെ പേടിയുള്ള ഒരു പാവം ഭര്‍ത്താവ് ശങ്കരാടി നിറഞ്ഞാടിയ വേഷങ്ങള്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതായിരുന്നു. പക്ഷേ അതെല്ലാം തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ശങ്കരാടി വ്യത്യസ്തമാക്കി. ഗോഡ്ഫാദറിലെ ശങ്കരാടിയുടെ വക്കീല്‍ പ്രേക്ഷകരെ മുഴുവന്‍ ചിരിപ്പിച്ചു. കാസര്‍ഗോഡ് കാദര്‍ഭായിയിലെ പച്ചാളം പാപ്പച്ചനേയും ആര്‍ക്കാണ് മറക്കാനാവുക. തലയണമന്ത്രത്തില്‍ സുകുമാരിയുടെ ഭര്‍ത്താവായ തങ്കപ്പനായിട്ടാണ് ശങ്കരാടി വേഷമിട്ടത്. കിരീടത്തില്‍ സേതുമാധവന്‍ കുറ്റവാളിയാകുമ്പോള്‍ സ്വന്തം മകളുടെ നന്‍മ മാത്രം നോക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ അച്ഛനായി. തമ്മില്‍ തമ്മിലെ ഇത്തിരി നാണം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഗാനനരംഗത്തില്‍ അഭിനയിച്ച റഹ്മാനെക്കാള്‍ ഓര്‍മ്മ വരിക ശങ്കരാടിയെയാണ്. ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് മികച്ച നടനാക്കി.
നാടകത്തിലൂടെയാണ് ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടി സിനിമയിലെത്തുന്നത്. കുഞ്ചാക്കോയുടെ കടലമ്മ എന്ന ചിത്രത്തിലൂടെയാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെന്ന ക്രഡിറ്റും ശങ്കരാടിക്ക് സ്വന്തമാണ്.