ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വര്‍ണാഭമായ തുടക്കം
|ഷാരൂഖ് ഖാനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇറാന് ചിത്രം ബിയോണ്ട് ദ ക്ലൌഡ്സാണ് ഉദ്ഘാടന ചിത്രം.
48ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ തുടക്കമായി. ഷാരൂഖ് ഖാനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇറാന് ചിത്രം ബിയോണ്ട് ദ ക്ലൌഡ്സാണ് ഉദ്ഘാടന ചിത്രം.
പനാജിയിലെ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വര്‍ണാഭമായ കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന് ചലച്ചിത്രമേളയക്ക് തിരിതെളിച്ചു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ബോളിവുഡ് താരങ്ങളായ ശ്രീദേവി, ഷാഹിദ് കപൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ അമിതാഭ് ബച്ചന് ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡും കനേഡിയന്‍ സംവിധായകന് അറ്റോം ഇഗോയന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും സമ്മാനിച്ചു.
ഇറാന് സംവിധായകന് മജീദ് മജീദി ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ബിയോണ്ട് ദ ക്ലൌഡ്സ് ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. കല അക്കാദമിയിലും മാക്വിനിസ് പാലസിലുമായി നടക്കുന്ന മേളയില്‍ 85 രാജ്യങ്ങളില്‍ നിന്നായി 195 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണുള്ളത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളാണുള്ളത്. പിഹുവാണ് ഉദ്ഘാടനചിത്രം.
മലയാളചിത്രം ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമക്കൊപ്പം മത്സര വിഭാഗത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടേക്ക് ഓഫിനൊപ്പം സുവര്‍ണ മയൂരത്തിനായി മറാത്തി ചിത്രം കച്ച ലിംബു, അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാർ എന്നീ ഇന്ത്യന്‍ സിനിമകളും മത്സരിക്കും. അതേസമയം മേളയില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും മേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി.