പത്മാവതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
|സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചു
പത്മാവതി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോടതി നിരീക്ഷിച്ചു.
സിനിമ സെന്‍സര്‍ ബോര്‍ഡിന്‍റെ പരിഗണനയിലാണെന്നിരിക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് എങ്ങനെ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയുമെന്നാണ് കോടതിയുടെ ചോദ്യം. അത്തരം അഭിപ്രായങ്ങള്‍ സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കും. സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കണോയെന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരാണ് പ്രധാനമായും പത്മാവതിക്കെതിരെ രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും രജപുത്ര വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി.