വണ്ടര്‍ വുമണിന് തുനീഷ്യയില്‍ വിലക്ക്
|വണ്ടര്‍ വുമണ്‍ വിലക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ
ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് തുനീഷ്യയില്‍ വിലക്ക്. കേന്ദ്ര കഥാപാത്രമായ വണ്ടര്‍വുമണിനെ അവതരിപ്പിച്ച ഗാല്‍ ഗേഡറ്റ് ഇസ്രായേല്‍ സൈനികോദ്യഗസ്ഥ ആയിരുന്നുവെന്നതാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം. വണ്ടര്‍ വുമണ്‍ വിലക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ.
അല്‍ശാബ് പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടര്‍ വുമണിന് തുനീഷ്യ കോടതിവിലക്കേര്പ്പെടുത്തിയത്. ഗാല്‍ ഗേഡറ്റ് രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതും ഇസ്രയേലിന്റെ ഫലസ്തീന് അധിനിവേശത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് അല്‍ശാബിനെ പ്രകോപിപ്പിച്ചത്. ജൂണില്‍ വണ്ടര്‍ വുമണിന്റെ പ്രദര്ശന് തുനീഷ്യയില്‍ രണ്ടിടത്ത് നിശ്ചയിച്ചിരുന്നുവെങ്കിലും അല്‍ ശാബിന്റെ പ്രതിഷേധം മൂലം മാറ്റുകയായിരുന്നു. 1950 മുതല്‍ തുണീഷ്യക്ക് ഇസ്രയേലുമായി പരിമിതമായ നയ തന്ത്ര ബന്ധമേയുള്ളൂ. നേരത്തെ ലെബനനും ഖത്തറും വണ്ടര്‍വുണിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു. ഗാഡറ്റ് അഭിനയിച്ച ബാറ്റ്സ്മാന് വേര്‍സസ് സൂപ്പര്മാന് ആ രാജ്യങ്ങളിലെല്ലാം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഗാഡറ്റ് കേന്ദ്രകഥാപാത്രമായതാണ് അല്ശാബിന്റെ പ്രതിഷേധത്തിന് കാരണം.
സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാലാണ് നിരോധിച്ചതെന്ന വാദക്കാരും തുണീഷ്യയിലുണ്ട്. പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത് ചിത്രത്തിന് ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. ഡിസി കോമിക്സില്‍ നിന്നെത്തിയ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ പ്രമേയം ഡയാനാ രാജകുമാരിയുടേതാണ്. ലോകമഹായുദ്ധം നേരിടാനായി സ്വന്തം രാജ്യം ഉപേക്ഷിച്ച് പോരാടാനിറങ്ങിയ രാജകുമാരി പിന്നീട് വണ്ടര്‍ വുമണ്‍ എന്ന പേരില്‍ പ്രശസ്തയാകുകയായിരുന്നു. ചിത്രത്തിലെ ഗേല്‍ ഗാഡറ്റിന്റെ ആക്ഷന്‍ രംഗങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.