1000 കോടി ക്ലബിലെ ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി 2
|ബോളിവുഡിനെ പോലും നിഷ്പ്രഭമാക്കി ദക്ഷിണേന്ത്യയില്‍ നിന്നും കുതിപ്പ് തുടങ്ങിയ ബാഹുബലി കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന തകര്‍ക്കാനാവാത്ത റെക്കോഡ് സ്വന്തമാക്കി ബാഹുബലി 2 ബോക്‌സോഫീസില്‍ ജൈത്രയാത്ര തുടരുന്നു. വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടാണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും 800 കോടിയും വിദേശത്തു നിന്നും 200 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്.
എട്ട് ദിവസം കൊണ്ട് 800 കോടിയിലേറെ കോടി സ്വന്തമാക്കിയ ചിത്രം 1000 കോടിയിലെത്തുമെന്ന് ഉറപ്പിച്ചിരുന്നു. അമീര്‍ഖാന്റെ പികെ സൃഷ്ടിച്ച 792 കോടിയുടെ കളക്ഷന്‍ റെക്കോഡ് എട്ട്ദിവസം കൊണ്ട് തന്നെ രാജമൗലിയുടെ ബാഹുബലി തകര്‍ത്തിരുന്നു. ആദ്യ ആഴ്ച്ചയില്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 245 കോടി നേടി. ഈ പതിറ്റാണ്ടിലെ ബോളിവുഡിലെ ഏറ്റവും വലിയ കളക്ഷനാണ് മൊഴിമാറിയെത്തിയ ബാഹുബലിക്ക് ലഭിച്ചത്. ആദ്യ ആഴ്ച്ചയില്‍ 208.99 കോടി നേടിയ സുല്‍ത്താനായിരുന്നു ഈ റെക്കോഡ്.
With ₹ 800+ Cr in India and ₹ 200+ Cr in Overseas, #Baahubali2 becomes the 1st Indian movie to do ₹ 1000 Cr @ WW BO.. 👏👏#1000croreBaahubali pic.twitter.com/Jt2YYMW9w5
— Ramesh Bala (@rameshlaus) May 7, 2017
തെലുങ്കിലെടുത്ത ബാഹുബലി 2 തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. ദക്ഷിണേന്ത്യയിലേതുപോലുള്ള വിജയമാണ് ബാഹുബലി 2വിന് ഉത്തരേന്ത്യയില്‍ നിന്നും ലഭിച്ചത്. പ്രഭാസിനെ ബോളിവുഡ് പ്രേക്ഷകര്‍ പരിചയപ്പെടുന്നത് തന്നെ ബാഹുബലിയിലൂടെയാണ് അതേസമയം ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്ത റാണ രഘുപതി ദം മാരോദം, ഡിപ്പാര്‍ട്ട്‌മെന്റ്, ബേബി, ദ ഗാസി അറ്റാക്ക് എന്നീ ചിത്രങ്ങളിലൂടെ സുപരചിതനായിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ബാഹുബലി 2 വിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. യുഎസ് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം വൈകാതെ 100 കോടി ചിത്രം നേടുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആസ്‌ത്രേലിയയില്‍ നിന്നും ഒരാഴ്ച്ചകൊണ്ട് ചിത്രം പത്ത് കോടിരൂപയോളം സ്വന്തമാക്കി. ബോളിവുഡിനെ പോലും നിഷ്പ്രഭമാക്കി ദക്ഷിണേന്ത്യയില്‍ നിന്നും കുതിപ്പ് തുടങ്ങിയ ബാഹുബലി ഏതൊക്കെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുമെന്ന് കാത്തിരുന്ന് കാണാം.