ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണേ; അഭ്യര്‍ഥനയുമായി കാളിദാസ്
|പബ്ലിസിറ്റിയുടെ അഭാവം കാരണം തിയറ്ററില്‍ ആളുകളെത്തുന്നില്ലെന്നും കാളിദാസ് ജയറാം
ജയറാമിന്റെ പുതിയ ചിത്രമായ ആകാശ മിഠായിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് മകനും നടനുമായ കാളിദാസ് ജയറാം. അച്ഛന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. നല്ലൊരു തിരിച്ചുവരവ് ഈ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പബ്ലിസിറ്റിയുടെ അഭാവം കാരണം തിയറ്ററില്‍ ആളുകളെത്തുന്നില്ലെന്ന് കാളിദാസ് ഫേസ് ബുക്ക് കുറിപ്പിലെഴുതി.
"സിനിമ കണ്ടവര്‍ ഇഷ്ടമായെന്നാണ് പറഞ്ഞത്. ഞാന്‍ കണ്ടു. എനിക്കും ഇഷ്ടമായി. തിയറ്ററില്‍ പോയി കാണണമെന്ന് പറയാനല്ല ഞാനിവിടെ വന്നത്. ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ കാണുക. പബ്ലിസിറ്റിയുടെ കുറവ് കൊണ്ട് ഇത്തരം ലളിതമായ സിനിമകള്‍ മരിക്കുന്ന സാഹചര്യമുണ്ടാകരുത്. വമ്പന്‍ ചിത്രങ്ങളെ പോലെ ചെറിയ ചിത്രങ്ങളും പ്രധാനമാണ്. അതുകൊണ്ട് ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാളിദാസ് ഫോസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പയുടെ റീമേക്കാണ് ആകാശമിഠായി. തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം ആകാശ മിഠായിയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ജയറാം.