'വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്'...ആവേശമാകുന്ന രജനി ചിത്രങ്ങള്‍
|ഒരു നായകന്റെതായ യാതൊരു രൂപസൌകുമാര്യവും ഇല്ലാതെ തമിഴ് മക്കളുടെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള മനസുകളും രജനി കീഴടക്കി
തമിഴകത്തിന് രജനി എന്നാല്‍ വെറുമൊരു സൂപ്പര്‍താരമായിരുന്നില്ല, അവരുടെ കണ്‍കണ്ട ദൈവമായിരുന്നു. ഒരു നായകന്റെതായ യാതൊരു രൂപസൌകുമാര്യവും ഇല്ലാതെ തമിഴ് മക്കളുടെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള മനസുകളും രജനി കീഴടക്കി. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ സിനിമയും എങ്ങിനെയാണ് ഇങ്ങിനെ ആഘോഷമാകുന്നത്, അങ്ങിനെയാക്കാന്‍ രജനിക്ക് മാത്രമേ പറ്റു. ഉറക്കമിളച്ച് രജനി ചിത്രങ്ങള്‍ ആഘോഷമാക്കുന്ന ആരാധകര്‍, റിലീസ് ദിവസം അവധി ദിനമാക്കുന്ന നഗരങ്ങള്‍, പാലൊഴുകുന്ന വമ്പന്‍ കട്ടൌട്ടുകള്‍..സ്റ്റൈല്‍ മന്നനെക്കുറിച്ച് പറയുമ്പോള്‍ ഓരോ വാക്കിലും നോക്കിലും ആവേശം അങ്ങിനെ അല തല്ലും.
രജനിയുടെ സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ജീവിതവും കാണാപ്പാഠമാണ് ആരാധകര്‍ക്ക്. വെറുമൊരു ബസ് കണ്ടക്ടറായ ശിവാജി റാവു സൂപ്പര്‍താരമായി മാറിയ ത്രസിപ്പിക്കുന്ന ചരിത്രം അറിയാത്ത രജനി ഫാന്‍സുകാരുണ്ടാവില്ല. 41 കൊല്ലം മുന്‍പാണ് രജനീകാന്ത് എന്ന നടനെ ബാലചന്ദര്‍ എന്ന തമിഴിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ കണ്ടെടുത്തത്. പുതുമുഖമായ ശിവാജിയെ തന്റെ പുതിയ ചിത്രമായ അപൂര്‍വ്വരാഗങ്ങളിലേക്ക് തെരഞ്ഞെടുത്തത് പലരെയും അതിശയിപ്പിച്ചു. കാരണം ഒരു മെരുക്കവുമില്ലാത്ത അദ്ദേഹത്തിന്റെ സ്വഭാവരീതിയും ഭാവങ്ങളുമായിരുന്നു. സംവിധായകന്റെ നടനേ ആയിരുന്നില്ല രജനി, അയാള്‍ അയാളുടെതായി രീതിയില്‍ അഭിനയിച്ചു. പക്ഷേ ബാലചന്ദറിന് എപ്പോഴും പ്രിയപ്പെട്ട നടനായിരുന്നു രജനി. ശിവാജി റാവു എന്ന പേര് മാറ്റി താരത്തെ രജനീകാന്ത് ആക്കിയത് ബാലചന്ദറായിരുന്നു. അദ്ദേഹത്തെ തന്റെ അച്ഛന്റെ സ്ഥാനത്തായിരുന്നു രജനിയും പ്രതിഷ്ഠിച്ചത്.
വില്ലനില്‍ നിന്നും ഒരു താരത്തിലേക്കുള്ള രജനിയുടെ വളര്‍ച്ചയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രജനിയുടെ സ്റ്റൈലുകള്‍ തന്നെയായിരുന്നു താരത്തിന് സ്റ്റൈല്‍മന്നന്‍ എന്ന പേര് നേടിക്കൊടുത്തത്. സിഗരറ്റ് വായുവിലെറിഞ്ഞ് ചുണ്ടുകള്‍ക്കിടയില്‍ ഉറപ്പിക്കുകയും, കൂളിംഗ് ഗ്ലാസ് ഒരു പ്രത്യേക നീക്കത്തോടെ മുഖത്തുറപ്പിക്കുകയും, ചടുലമായ രസകരമായ ഒരു ശൈലിയില്‍ കാലിന്‍മേല്‍ കാല്‍കയറ്റി വയ്ക്കുകയും ഒക്കെച്ചെയ്യുന്ന രജനിയുടെ സ്‌റ്റൈലുകള്‍ തലമുറകള്‍ പിന്നിടുന്ന വിസ്മയങ്ങളാണ്. ഇതെല്ലാം കണ്ട് കാണികള്‍ കയ്യടിച്ച് ആര്‍ത്തു വിളിച്ചു. അത് ഓരോ സിനമികളില്‍ ആവര്‍ത്തിക്കുമ്പോള്‍ പോലും മടുപ്പുളവാക്കിയില്ല. അതുപോലെ തന്നെയായിരുന്നു രജനിയുടെ ഡയലോഗുകളും. നാന്‍ ഒരു തടവേ സൊന്നാ നൂറു തടവേ സൊന്നമാതിരി, ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍, ആണ്ടവന്‍ സൊല്‍റാ അരുണാചലം സെയ്‌വാ, എന്‍ വഴി തനി വഴി, പന്നീങ്കളാ കൂട്ടമാ വരുവേ ആനാ സിങ്കം സിങ്കിളാ താ വരുവേന്‍, ഇനിയെന്‍ പാതൈ സിങ്കപ്പാതൈ തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ ആരാധകരെ എഴുന്നേറ്റ് നിന്നും കയ്യടിപ്പിച്ചു. ദാ ...ഇപ്പോള്‍ കബാലി ഡായും.
വിഗ്ഗ് വച്ചും മേക്കപ്പഴിക്കാതെയും പ്രത്യക്ഷപ്പെടുന്ന താരരാജാക്കന്‍മാര്‍ക്ക് മുന്നിലും വ്യത്യസ്തനായിരുന്നു രജനി. വെള്ളിയിഴകള്‍ വീണ തലയുമായി അദ്ദേഹം ആരാധകര്‍ക്ക് മുന്നില്‍ കൈവീശി, കൈ കൂപ്പി നിന്നു. സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെ രജനിയുടെ ആരാധക നിരയിലുണ്ട്. സിനിമാക്കാര്‍ മുഴുവന്‍ രജനിയുടെ ആരാധകരാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. ലോകത്തെ ഏറ്റവും അധികം ഫാന്‍ ക്ലബ്ബുള്ള നടന്‍ രജനികാന്താണ്. 1,50,000 ഫാന്‍സ് ക്ലബ്ബാണ് രജനികാന്തിനുള്ളത്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ജപ്പാനിലാണ്.
നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു രജനി ചിത്രമെത്തുമ്പോള്‍ അതിനെ അര്‍ഹിച്ച ആവേശത്തോടെ ആരാധകര്‍ സ്വീകരിച്ചുവെന്ന് റിലീസ് ചെയ്ത 5000 കേന്ദ്രങ്ങള്‍ തെളിയിക്കുന്നു, ആരാധകരുടെ ആര്‍പ്പുവിളികള്‍, നീണ്ടു നീണ്ടു പോകുന്ന ക്യൂ, ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ...ഒരു നടന്‍ താരത്തിനും സൂപ്പര്‍താരത്തിനുമപ്പുറം സിനിമയിലെ ദൈവമായി ഒരു നടന്‍ മാറിയിരിക്കുകയാണ്.