പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പല കഥാപാത്രങ്ങളുടെയും വികാരങ്ങള്‍: മോഹന്‍ലാല്‍
|ഒടിയനിലെ ഗാനങ്ങള്‍ ഈണമിടുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍
മോഹന്‍ലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ ഗാനങ്ങള്‍ ഈണമിടുന്നതിന്റെ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍. സംഗീത സംവിധായകന് എം.ജയചന്ദ്രനടക്കമുള്ളവരെ വീഡിയോയില്‍ കാണാം. നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ കുറിച്ചു.
ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'ഒടിയനി'ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഒരുപാട് സന്തോഷത്തോടെ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നു. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണ്. നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് പിന്നിൽ അദൃശ്യമായി,എന്നാൽ കേട്ട് അനുഭവിക്കാനാകുംവിധം തണുപ്പോടെ അവ നിറഞ്ഞു. പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങൾ. ഓർമകളുടെ ഗ്രാമഫോണിൽനിന്ന് ഇന്നും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്ന അത്തരം ഗാനങ്ങളുടെ നിരയിലേക്കാണ് 'ഒടിയനി'ലെ പാട്ടുകളും കടന്നുവരുന്നത്. റഫീഖ് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് വരികളെഴുതിയത്. സംഗീതം എം.ജയചന്ദ്രൻ. വരിക ഈ ഈണങ്ങളിലൂടെ 'ഒടിയനി'ലേക്ക്...
മഞ്ജു വാര്യരാണ് ഒടിയനില്‍ ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത്ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ ഒരുക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ ദൃശ്യാനുഭവമാകും 'ഒടിയന്'സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്സ് രംഗങ്ങളൊരുക്കുക. പാലക്കാട്,തസറാക്ക്,ഉദുമല്പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.