ബി.ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ ചിത്രവും തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് വിനയന്‍
|ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..
സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ടെന്ന് വിനയന്‍. ഇതേവരെ അങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നതിനിടെയാണ് അദ്ദേഹം ഉണ്ണികൃഷ്ണനെതിരെ ആരോപണമുന്നയിച്ചത്. ചിത്രത്തിന്റെ പൂജാ വേളയില്‍ സംവിധായകന്‍ ജോസ് തോമസിന്റെ പ്രസംഗവും തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയിൽ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവർത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ് തോമസിന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേർന്ന് തേജോ വധം ചെയ്ത് സിനിമയിൽ നിന്നു തന്നെ പുറത്താക്കാൻ ശ്രമിച്ചു എന്ന ജോസ് തോമസിന്റെ വെളിപ്പെടുത്തൽ ഈ സാംസ്കാരിക കേരളത്തിൽ തന്നെയാണ് നടന്നതെന്ന് ഓർക്കുമ്പോളാണ് വേദനയും, ലജ്ജയും തോന്നുന്നതോടൊപ്പം കമൽ,സിദ്ദിക്, സിബിമലയിൽ ,ഉണ്ണികൃഷ്ണൻ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. ഇവർക്കെതിരേ കോമ്പറ്റീഷൻ കമ്മീഷന്റെ വിധി നേടിയതിനേക്കാൾ സന്തോഷം ചെയ്ത തെറ്റ് ഒടുവിൽ അവരിലൊരാൾ തന്നെ ഏറ്റു പറഞ്ഞപ്പോൾ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രൻജിത്തും ഒക്കെ ആ വാക്കുകൾ ഒന്നു കേൾക്കുന്നതു നല്ലതാണ്.ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണൻ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ടെക്നീഷ്യൻമാരോട് ആവശ്യപ്പെടുന്നുണ്ട്.ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..
ഇത്തരം തേജോവധങ്ങൾക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകൾ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയട്ടെ...