രാജ്യം പിന്നോട്ട്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക
|പത്മാവതിയുടെ റിലീസ് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപിക്ക് ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ മറുപടി.
പത്മാവതിയുടെ റിലീസ് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപിക്ക് ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ മറുപടി. ഭയാനകമായ അവസ്ഥയാണിത്. ഒരു രാജ്യം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നത്? പിന്നോട്ടാണ് നമ്മള്‍ സഞ്ചരിക്കുന്നതെന്നും പത്മാവതിയായി വേഷമിട്ട ദീപിക പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡിനെ മാത്രമേ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. ഇത് പത്മാവതിക്ക് വേണ്ടി മാത്രമായുള്ള പോരാട്ടമല്ല എന്നാണ് സിനിമാലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനായാണ് ഞങ്ങള്‍ പോരാടുന്നതെന്നും ദീപിക പറഞ്ഞു.
പത്മാവതിയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പത്മാവതിയുടെ കഥ പറയേണ്ടത് തന്നെയാണ്. അത് പറയേണ്ടത് ഇക്കാലത്ത് തന്നെയാണെന്നും ദീപിക പറഞ്ഞു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്കെതിരെ ചിത്രീകരണ കാലം മുതല്‍ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് രജപുത്ര കര്‍ണി സേനയാണ് ചിത്രത്തിനെതിരെ ആദ്യം ആക്രമണം അഴിച്ചുവിട്ടത്. പിന്നീട് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. സിനിമക്കെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് ദീപിക രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.