Entertainment
കായംകുളം കൊച്ചുണ്ണിയുടെ നായികയെ മാറ്റികായംകുളം കൊച്ചുണ്ണിയുടെ നായികയെ മാറ്റി
Entertainment

കായംകുളം കൊച്ചുണ്ണിയുടെ നായികയെ മാറ്റി

Sithara
|
30 May 2018 4:09 AM GMT

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമല പോള്‍ ഉണ്ടാകില്ല.

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമല പോള്‍ ഉണ്ടാകില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. പ്രിയ ആനന്ദാകും ചിത്രത്തില്‍ നിവിന്‍റെ നായിക.

കായംകുളം കൊച്ചുണ്ണിയുടെ പ്രഖ്യാപനത്തിനൊപ്പം തന്നെ നായകന്‍ നിവിന്‍ പോളിയും നായിക അമല പോളും ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ കഥാപാത്രത്തെയാകും അമല അവതരിപ്പിക്കുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ അമലയുടെ കാരക്ടര്‍ സ്കെച്ചും പുറത്തിറക്കി. വലിയ ബജറ്റില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം മംഗലാപുരത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നതിനിടെയാണ് അമല പോള്‍ ചിത്രത്തിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

എന്നാല്‍ നായികാസ്ഥാനത്ത് നിന്ന് അമല പോളിനെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല. മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അമല സ്വയം പിന്മാറിയതാണെന്നും സൂചനകളുണ്ട്. പ്രിയ ആനന്ദാകും അമലക്ക് പകരം ചിത്രത്തില്‍ വേഷമിടുക. പൃഥ്വിരാജ് ചിത്രം എസ്രയിലൂടെയാണ് പ്രിയ മലയാളത്തിലേക്ക് എത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷ്, എതിര്‍നീര്‍ച്ചല്‍, ഫുക്രി, അരിമ നമ്പി എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിയിലെ കഥാപാത്രത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ‌‌

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീം ഏറെ നാള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് തിരക്കഥ തയ്യാറാക്കിയത്. സണ്ണി വൈന്‍, ബാബു ആന്റണി, കന്നട നടി പ്രിയങ്ക തിമ്മേഷ് തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി കുതിരസവാരി, കളരിപയറ്റ് തുടങ്ങിയവയും നിവിന്‍ അഭ്യസിക്കുന്നുണ്ട്.

15 കോടി മുടക്കി ഒരുക്കുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുക. മംഗലാപുരത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചുണ്ണി ടീം ശ്രീലങ്കയിലേക്ക് തിരിക്കും. ഇവിടെയാകും ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം. അടുത്ത വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

Similar Posts