ഉഡ്താ പഞ്ചാബിന് അനുകൂല വിധി; നീക്കേണ്ടത് ഒരു രംഗം മാത്രം
|നായക കഥാപാത്രം അവതരിപ്പിച്ച ഷാഹിദ് കപൂര്‍ പൊതുജന മദ്യത്തില്‍ മൂത്രമൊഴിക്കുന്ന ഒരു ദൃശ്യമാണ് ഒഴിവാക്കേണ്ടത്..
ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് കത്രിക വെക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് നീക്കത്തിന് വന്‍ തിരിച്ചടി. ബോര്‍ഡ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച 89 ദൃശ്യങ്ങളില്‍ ഒന്നുമാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് ബോബെ ഹൈക്കോടതി വിധിച്ചു. ആവിഷ്കാര സ്വാതന്ത്രത്തിന് മേല്‍ കത്തിവക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നിരീക്ഷിച്ച കോടതി രണ്ട് ദിവസത്തിനകം ഉഡ്താ പഞ്ചാബിന് പുതിയ "എ" സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശിച്ചു.
ചിത്രത്തില്‍ 13 രംഗങ്ങളിലായി 89 മാറ്റങ്ങള്‍ വേണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇവ ഒരോന്നായി പരിശോധിച്ച ശേഷമാണ് ഒരേ ഒരു രംഗം മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് ബോബെ ഹൈക്കോടതി വിധിച്ചത്. നായക കഥാപാത്രം അവതരിപ്പിച്ച ഷാഹിദ് കപൂര്‍ പൊതുജന മദ്യത്തില്‍ മൂത്രമൊഴിക്കുന്ന ഒരു ദൃശ്യമാണ് ഒഴിവാക്കേണ്ടത്. 48 മണിക്കൂറിനകം ഉഡ്താ പഞ്ചാബിന് പുതിയ എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദ്ദേശിച്ചു. വിധി ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്ന് ഉഡ്താ പഞ്ചാബ് സംവിധായകന് അഭിഷേക് ചൌബേ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പരമാര്‍ശങ്ങളും പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വാദം കോടതി തള്ളി. പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യം വച്ചല്ല ചിത്രം നിര്‍മ്മിച്ചതെന്ന് ജസ്റ്റിസ് എ സി ധര്‍മ്മാധികാരി, ശാലിനി ഫാന്‍സല്‍ക്കര്‍ ജോഷി എന്നിവരുടെ ഡിവിഷന് ബഞ്ച് പറഞ്ഞു, വിധിയുടെ പശ്ചാത്തലത്തില്‍ ഈ വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തിയേക്കും.