കബാലി ഒരാഴ്ച കൊണ്ട് വാരിയത് 320 കോടി
|ഒരാഴ്ച കൊണ്ട് 320 കോടിയാണ് കബാലി നേടിയ കളക്ഷന്‍
റിലീസിന് മുന്‍പ് തന്നെ വന്‍ കളക്ഷന്‍ നേടിയ കബാലിയുടെ ആദ്യ വാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരാഴ്ച കൊണ്ട് 320 കോടിയാണ് കബാലി നേടിയ കളക്ഷന്‍. ചെന്നൈയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 7 കോടി രൂപയാണ്.
ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ കണക്ക് പ്രകാരം ചിത്രം ആറ് ദിവസംകൊണ്ട് 320 കോടി രൂപ നേടി. എന്നാല്‍ 389 കോടി നേടിയെന്ന് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു പറയുന്നു. അമേരിക്കയില്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ചെന്നൈയില്‍ ആഘോഷിച്ചിരുന്നു. ചെന്നൈ ലെ റോയല്‍ മെറിഡിയനില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ പാ.രഞ്ജിത്ത്, നിര്‍മ്മാതാവ് കലൈപുലി.എസ്.താണു, ഗായിക ശ്വേതാ മോഹന്‍ എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
100 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ചെന്നൈയില്‍ നിന്ന് മാത്രം ഏഴ് കോടി വാരികൂട്ടി. ഇന്ത്യന്‍ ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രം റിലീസ് ചെയ്യപ്പെടുന്ന യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ കബാലി ജൂലൈ 22ന് തന്നെ എത്തിയിരുന്നു. ബെല്‍ജിയം, ബോട്‌സ്വാന, ബ്രൂണെ, കോംഗോ, എത്യോപ്യ, ഘാന, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലെല്ലാം രജനി ചിത്രം റിലീസായി.
റിലീസിന് രണ്ട് ദിവസം മുന്‍പ് നടന്ന യുഎസ് പ്രീമിയര്‍ ഷോയിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ബാഹുബലിയെയും സുല്‍ത്താനെയുമൊക്കെ മറികടന്ന് 2 മില്യണ്‍ ഡോളറാണ് രജനി ചിത്രം യുഎസ് പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി നേടിയത്.