സൂര്യയുടെ സിങ്കമെത്താന് വൈകും
|ഈ മാസം 23ലേക്കാണ് എസ് ത്രീയുടെ റിലീസ് നീട്ടിയത്.
സൂര്യയുടെ സിങ്കം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ എസ് ത്രീയുടെ റിലീസ് മാറ്റി. ഈ മാസം 23ലേക്കാണ് എസ് ത്രീയുടെ റിലീസ് നീട്ടിയത്. ക്രിസ്തുമസിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 16നായിരുന്നു സൂര്യ നായകനായ സിങ്കം 3യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നാണ് സിനിമയുടെ ലോകവ്യാപക റിലീസ് 23നാകുമെന്ന് അറിയിച്ച് നിര്‍മാതാക്കള്‍ രംഗത്തെത്തിയത്.
രജനീകാന്ത്, സൂര്യ, വിജയ് തുടങ്ങിയ കോളീവുഡ് താരങ്ങളുടെ സിനിമകള്‍ക്ക് കേരളത്തില്‍ വലിയ തോതില്‍ തീയറ്ററുകള്‍ വിട്ടുനല്‍കാറുണ്ട്. അപ്രതീക്ഷിതമായി എസ് ത്രീയുടെ റിലീസ് മാറ്റിയത് ക്രിസ്തുമസിനെത്തുന്ന മലയാള സിനിമയെ ആകും പ്രധാനമായും ബാധിക്കുക. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം ഇസ്ര, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളാണ് ക്രിസ്തുമസിന് മലയാളത്തില്‍ നിന്നെത്തുന്നത്.
ജോമോന്റെ സുവിശേഷങ്ങള്‍ 16നും, ഇസ്ര 17നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 22നുമാണ് റിലീസ്. എസ് ത്രീ വരുന്നതോടെ ഈ ചിത്രങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്ന തീയറ്ററുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. ബോളീവുഡില്‍ നിന്ന് ആമിര്‍ ഖാന് ചിത്രം ദങ്കല്‍ വരുന്നത് സിങ്കം 3യെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 21നാണ് ദങ്കലിന്റെ റിലീസ്. ജയം രവിയും അരവിന്ദ് സാമിയും നായകന്മാരായെത്തുന്ന ബോഗനും സിങ്കം 3ക്കൊപ്പം തമിഴില്‍ നിന്ന് തീയറ്ററുകളിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് ഷാരൂഖ് ചിത്രം ദില്വാലേക്കൊപ്പം റിലീസ് ചെയ്തത് ധനുഷ് ചിത്രം തങ്കമകന് കനത്ത തിരിച്ചടിയായിരുന്നു.