സ്റ്റൈല്‍ മന്നന് പിറന്തനാള്‍ വാഴ്ത്തുക്കള്‍
|തമിഴകത്തിന്റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്‍പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു ...
അപൂര്‍വ്വരാഗങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അഭിനയപ്രതിഭ, പതിനാറ് വയതിനില്‍ അയാള്‍ വില്ലനായിരുന്നു. മുരട്ടുകാളയിലും പോക്കിരിരാജയിലും അയാള്‍ തിയറ്ററുകളില്‍ തരംഗമായി. നെട്രികന്‍ എന്ന ബാലചന്ദര്‍ ചിത്രം അയാളെ താരപദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. അയാള്‍ അഭിനയിച്ച മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകളില്‍ സൃഷ്ടിച്ചത് ഉത്സവാന്തരീക്ഷം തന്നെയായിരുന്നു. തമിഴകത്തിന്റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്‍പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു കൊടുത്തത്. വിശേഷണങ്ങള്‍ക്ക് മുന്‍പേ ഏതൊരു ആരാധകനും മനസില്‍ പറയും... രജനീകാന്ത്. തമിഴകം ഇത്രയധികം സ്നേഹിച്ച, ആരാധിച്ച, അനുകരിച്ച നടനുണ്ടാകില്ല, ഇത്രയേറെ വിദേശ ആരാധകരുള്ള മറ്റൊരു അഭിനേതാവും. 66ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും രജനീകാന്ത് താരം തന്നെയാണ്.
തമിഴകത്തിന്‍റെ എല്ലാമെല്ലാമായ ഇദയക്കനി ഓര്‍മ്മയായിട്ട് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഇത്തവണ സ്റ്റൈല്‍ മന്നന്‍റെ പിറന്നാള്‍. അതുകൊണ്ടു തന്നെ പതിവ് ആഘോഷങ്ങള്‍ ഇത്തവണയില്ല. തമിഴ്നാട്ടിനെ പിടിച്ചു കുലുക്കിയ പേമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജന്മദിനത്തിലും രജനി ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നും സാധാരണക്കാരില്‍ സാധാരണക്കാരനായി കഴിയാനിഷ്ടപ്പെടുന്ന രജനികാന്ത് ജയലളിതയുടെ ഓര്‍മ്മ ചടങ്ങിലും മറ്റൊരാളും ചെയ്യാന്‍ മടിക്കുന്ന ഒരേറ്റുപറച്ചില്‍ നടത്തി. ജയയെ താന്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ അവരുടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത് തന്‍റെ വാക്കുകളായിരുന്നുമെന്നുമാണ് ആ ഏറ്റുപറച്ചില്‍.
പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരു ആള്‍ എങ്ങിനെ തമിഴകത്തിന്റെ താരമായി എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, അതാണ്ടാ നമ്മ രജനീ സ്റ്റൈല്‍ എന്ന്. കാരണം കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠ കുടുംബങ്ങളുടെ വംശത്തിലാണ് രജനീകാന്ത് ജനിച്ചത്. പിന്നീടാണ് തമിഴ്നാട്ടിലേക്ക് വരുന്നത്. അഭിനയ മോഹം ചെറുപ്പത്തിലേ രജനിയുടെ മനസില്‍ ഉണ്ടായിരുന്നു. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിക്കാനായിരുന്നു രജനി എന്ന ശിവാജി റാവുവിന് താല്‍പര്യം. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുമ്പോഴും രജനിയിലെ അഭിനേതാവിനെ ആരും അംഗീകരിച്ചിരുന്നില്ല. ഒരു നടന് യോജിച്ച മുഖവും സൌന്ദര്യവും ഇല്ലാത്തതായിരുന്നു അതിന് കാരണം. പലരും രജനിയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്‍മാറാന്‍ രജനി തയ്യാറായില്ല. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.
കെ.ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളായിരുന്നു രജനീകാന്തിന്റെ ആദ്യചിത്രം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് സ്റ്റൈല്‍ മന്നന്‍ സ്റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്. 1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്കാരം മണിരത്നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി. ദളപതി ഹിന്ദി, തമിഴ് ഭാഷകളിലേക്കും റിലീസ് ചെയ്തിരുന്നു.
1995ല്‍ തിയറ്ററുകളിലെത്തിയ മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു. രജനിയുടെ സിനിമയിലെ ഡയലോഗുകളും രജനിയുടെ സ്റ്റൈലുകളും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് തമിഴര്‍ ആരാധന കാട്ടിയത്. നാന്‍ ഒരു തടവ് സൊന്നാല്‍ നൂറ് തടവ് സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവാന്‍ തുടങ്ങിയവ രജനിയുടെ ഹിറ്റ് ഡയലോഗുകളാണ്. 2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി ഈ വിധിയെഴുത്തിനെ മാറ്റിമറിക്കുന്നതായിരുന്നു. മികച്ച വിജയം കരസ്ഥമാക്കിയാണ് ചന്ദ്രമുഖി തിയറ്റര്‍ വിട്ടിറങ്ങിയത്. റാണാ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അസുഖ ബാധിതനായി രജനി അഭിനയരംഗത്ത് വിട്ടു നിന്നു. സിംഗപ്പൂരില്‍ ചികില്‍സയിലായിരുന്ന രജനിയുടെ ആരോഗ്യത്തിനായി ആരാധകര്‍ വഴിപാടുകള്‍ നടത്തി. രജനി പെട്ടെന്ന് സുഖം പ്രാപിക്കാന്‍ 1008 ആരാധകര്‍ പളനിയില്‍ തങ്ങളുടെ തല മുണ്ഡനം ചെയ്തു. ആരാധകരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി തിരിച്ചെത്തി രജനി വീണ്ടും അഭിനയരംഗത്ത് സജീവമായി.
തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനിക്ക് 2000-ലെ പത്മഭൂഷണ്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.