പത്മാവതിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരിഹരിച്ചു: ബന്‍സാലി
|ശ്രീ രജ്പുത് സഭയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന് വ്യക്തമാക്കി ബന്‍സാലി പ്രൊഡക്ഷന്‍സ് പ്രസ്താവന പുറത്തിറക്കിയത്
പത്മാവതി സിനിമയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരിഹരിച്ചുവെന്ന് ബന്‍സാലി പ്രൊഡക്ഷന്‍സ്. ശ്രീ രജ്പുത് സഭയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന് വ്യക്തമാക്കി ബന്‍സാലി പ്രൊഡക്ഷന്‍സ് പ്രസ്താവന പുറത്തിറക്കിയത്.
ജയ്പൂരിലെ ശ്രീ രജ്പുത് സഭയുടെ ഭാരവാഹികളെ കണ്ട ശേഷം ബന്‍സാലി പ്രൊഡക്ഷന്‍സ് സിഇഒ ശോഭ സാന്ത്, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ ചേതന്‍ ദൊലേക്കര് എന്നിവരാണ് പ്രസ്താവന ഇറക്കിയത്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ശ്രീ രജ്പുത് സഭക്കുണ്ടായിരുന്ന സംശയങ്ങള്‍ ദൂരീകരിച്ചു എന്നും റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളോ ഗാനങ്ങളോ ഒന്നും ചിത്രത്തില്‍ ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയെ കര്‍ണി സേന പ്രവര്‍ത്തകര്‍ തല്ലിയതിനെ തുടര്‍ന്നാണ് പ്രതിഷേധം രൂക്ഷമായത്.
സംഭവത്തിനെതിരെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാണി പത്മിനിയെ പത്മാവതി എന്ന ചിത്രത്തിലൂടെ സഞ്ജയ് ലീല ബന്‍സാലി അപമാനിക്കാന്‍ ശ്രമിക്കുന്നതിനു കാരണം അവര്‍ ഹിന്ദുവായതിനാലാണെന്നാണ് കേന്ദ്ര സഹമന്ത്രി ഗിരി രാജ് സിങ് പ്രതികരിച്ചത്. പത്മാവതി ചിത്രത്തിനെതിരെയും സഞ്ജയ് ലീല ബന്സാലിക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ ഗിരിരാജ് സിങ് പിന്തുണക്കുകയും ചെയ്തു. ഡല്‍ഹി ഭരിച്ചിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് രജ്പുത് റാണി പത്മാവതിയോട് പ്രണയം തോന്നുന്നതാണ് പത്മാവതിയുടെ കഥ. രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.