മഞ്ജുവും ദിലീപും നാളെ തിയേറ്ററുകളില്‍ നേര്‍ക്കുനേര്‍
|മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയും പ്രേക്ഷകരിലേക്കെത്തും.
മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങളാണ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്നത്. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയും പ്രേക്ഷകരിലേക്കെത്തും. ഇതാദ്യമായാണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിനെത്തുന്നത്.
മഞ്ജുവാര്യരുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി വിലയിരുത്തുന്ന കഥാപാത്രമാണ് ചെങ്കല്‍ചൂള നിവാസിനിയായ സുജാത. വീട്ടവേല ചെയ്യുന്ന സുജാത മകളെ പഠിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍. മഞ്ജുവിനൊപ്പം മംമ്ത മോഹന്‍ദാസ്, ഫാന്റം പ്രവീണ്‍, ജോജു ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗോപീസുന്ദര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും നടന് ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
ദിലീപിന്റെ അറസ്റ്റോടെ റിലീസ് ഡേറ്റുകള്‍ നിരവധി തവണ മാറ്റിയ രാമലീലയും തിയേറ്ററുകളിലേക്കെത്തുകയാണ്. ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രം സംസ്ഥാനത്തെ 125 ഓളം കേന്ദ്രങ്ങളിലാണ് റിലീസിനെത്തുന്നത്. ദിലീപ് ഫാന്‍സെല്ലാം പ്രത്യേക പോസ്റ്ററുകളിറക്കി ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനുണ്ണിയെന്ന രാഷ്ട്രീയ നേതാവായാണ് ദിലീപെത്തുന്നത്.
പ്രയാഗ മാര്‍ട്ടിനാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം രാധിക ശരത്കുമാര് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വിജയരാഘവന്, സുരേഷ് കൃഷ്ണ, സായ്കുമാര് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. സച്ചിയുടേതാണ് തിരക്കഥ. എന്തായാലും സൂപ്പര്‍താര പോരാട്ടങ്ങള്‍ക്ക് വേദിയായ തിയേറ്ററുകളില്‍ ചരിത്രത്തിലാദ്യമായി മഞ്ജുവാര്യരുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. പ്രേക്ഷക പിന്തുണ ഏത് ചിത്രത്തിനാകുമെന്ന കാത്തിരുന്ന് കാണാം.