ഗോവ ചലച്ചിത്രമേള: ജൂറി അധ്യക്ഷന്‍ പിന്നാലെ ജൂറി അംഗവും രാജി വെച്ചു
|സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാഥവിന്റെ നൂഡും ഇന്ത്യന്‍ പനോരമയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ജൂറിയില്‍ ഉടലെടുത്ത പ്രതിഷേധം ശക്തമാവുകയാണ്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷന്‍ രാജിവെച്ചതിന് പിന്നാലെ ജൂറിയിലെ മറ്റൊരംഗം കൂടി രാജി പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാവും തിരക്കഥാകൃത്തുമായ അപൂര്‍വ അസ്രാണിയാണ് രാജിവെച്ചത്. മേളയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് അസ്രാണിയുടെയും രാജി.
സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാഥവിന്റെ നൂഡും ഇന്ത്യന്‍ പനോരമയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ജൂറിയില്‍ ഉടലെടുത്ത പ്രതിഷേധം ശക്തമാവുകയാണ്. സിനിമ തെരഞ്ഞെടുപ്പ് സമിതിയിലെ ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചതിന് പിന്നാലെയാണ് ജൂറി അംഗം അപൂര്‍വ അസ്രാണിയും സ്ഥാനമൊഴിഞ്ഞത്. ജൂറിയുടെ പട്ടികയിലുണ്ടായിരുന്ന രണ്ട് ചിത്രങ്ങളും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അസ്രാണി വ്യക്തമാക്കി. ജൂറിയിലെ മറ്റൊരംഗം രുചി നരേനും മന്ത്രാലയത്തിനെതിരെ പരസ്യവിമര്‍ശം ഉന്നയിച്ചു.
മേളയില്‍ നിന്ന് എസ് ദുര്‍ഗയെ ഒഴിവാക്കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജൂറി തെരഞ്ഞെടുത്ത ചിത്രം നോട്ടീസ് പോലും നല്‍കാതെ മന്ത്രാലയം തന്നിഷ്ടപ്രകാരം മേളയില്‍ നിന്ന് നീക്കം ചെയ്തതെന്ന് സനല്‍ കുമാര്‍ ഹരജിയില്‍ ആരോപിക്കുന്നു. നൂഡ് ഒഴിവാക്കിയതിനെതിരെ രവി ജാഥവും കോടതിയെ സമീപിക്കും.
മേളയിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കേണ്ടെന്ന് മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും സൂചനയുണ്ട്. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്.