പുരുഷ സമൂഹം ആ യുവതിയുടെ മുന്നില്‍ തലകുനിക്കണം; കൊച്ചി സംഭവത്തെ വിമര്‍ശിച്ച് ജയസൂര്യ
|മുന്നില്‍ കാണുന്നവനെ സ്‌നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല
കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് തലകറങ്ങി വീണ മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ജനക്കൂട്ടം നോക്കി നിന്നതിനെതിരെ വിമര്‍ശവുമായി നടന്‍ ജയസൂര്യ. കേസാകുമെന്ന് പേടിച്ച് യൂവാക്കള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍വലിയരുതെന്നും, മുന്നില്‍ കാണുന്നവനെ സ്‌നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജയസൂര്യ പറയുന്നു.
സാധാരണ സിനിമയുടെ പ്രമോഷന് വേണ്ടി വീഡിയോയില്‍ വരാറുള്ള താന്‍ ഇത്തവണ ഒരു വിഷമം പങ്കുവയ്ക്കാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ വീഡിയോ തുടങ്ങുന്നത്. അപകടം സംഭവിച്ചത് കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്‌ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നു അപകടം സംഭവിച്ചതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേയെന്നും താരം ചോദിക്കുന്നു. ഒരാള് പോലും അയാളെ ആശുപത്രിയിലെത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ആരും കാണിച്ചില്ല. സംഭവത്തില്‍ ഊര്‍ജ്ജിതമായി ഇടപെട്ട യുവതിയുടെ മുന്നില്‍ പുരുഷ സമൂഹം തലകുനിക്കേണ്ടതാണെന്നും ജയസൂര്യ പറഞ്ഞു. ഞാന്‍ കണ്ടിട്ട് പോലുമില്ലാത്ത ആ ചേച്ചി..ദൈവമായി മാറുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംഗ്ഷനിലായിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും തലകറങ്ങി താഴെ വീണയാളെ തൊട്ടു നോക്കാന്‍ പോലും ഓടിക്കൂടിയവര്‍ തയ്യാറായില്ല. ആ സമയത്ത് സ്ഥലത്തെത്തിയ ഒരു യുവതി, അപകടം പറ്റിയ ആളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്.