കമ്മാരസംഭവത്തിനെതിരെ ഫോർവേഡ് ബ്ലോക്ക് കോടതിയിലേക്ക്
|സിനിമയില്‍ സുഭാഷ് ചന്ദ്രബോസിനെ അപമാനിക്കുകയും ഇല്ലാത്ത ചരിത്രം സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ആരോപിച്ചു.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിനെതിരെ ഫോർവേഡ് ബ്ലോക്ക് രംഗത്ത്. സിനിമയില്‍ സുഭാഷ് ചന്ദ്രബോസിനെ അപമാനിക്കുകയും ഇല്ലാത്ത ചരിത്രം സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ആരോപിച്ചു. ചിത്രത്തിനെതിരെ കോടതി സമീപിക്കുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു.
കമ്മാര സംഭവം ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുകയാണെന്നാണ് ഫോര്‍വേഡ് ബ്ലോക്ക് ആരോപിക്കുന്നത്. ഇതിഹാസ പുരുഷന്‍മാരോട് രൂപസാദൃശ്യമുള്ളവരെ ചിത്രീകരിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമുണ്ടായി. ഗാന്ധിജിയെയും നെഹ്റുവിനെയും നേതാജിയെയും സിനിമയിലൂടെ അപമാനിച്ചതായും ഫോര്‍വേഡ് ബ്ലോക്ക് ആരോപിച്ചു.
ചിത്രത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ തീരുമാനം. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിവാദമായത്.