ധാർമികതയുടെ പേരിൽ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനത്ത് നിന്നും ഒഴിവാക്കി തരണമെന്ന് ഡോ.ബിജു
|സാംസ്കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയർമാനും നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്
ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനം ഏറ്റെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജുവിന്റെ തുറന്ന കത്ത്. സാംസ്കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയർമാനും നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. . തികച്ചും ധാർമികത മാത്രം മുൻനിർത്തി ആണ് തീരുമാനമെന്നും ചലച്ചിത്ര അക്കാദമിയുടെയും സാംസ്കാരിക വകുപ്പിന്റെയും എല്ലാ വിധ നല്ല പ്രവർത്തനങ്ങൾക്കും പൂർണ്ണമായ പിന്തുണ ഉണ്ടായിരിക്കും എന്ന് കത്തില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനം ഏറ്റെടുക്കാത്തത് സംബന്ധിച്ച് കൂടുതൽ വിവാദങ്ങളും പ്രചാരണങ്ങളും ഉണ്ടാകാതിരിക്കുന്നതിനായി സാംസ്കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയർമാനും ഇത് സംബന്ധിച്ച് ഞാൻ നൽകിയ കത്തിന്റെ ഉള്ളടക്കം താഴെ നൽകുന്നു . തികച്ചും ധാർമികത മാത്രം മുൻനിർത്തി ആണ് ഈ തീരുമാനം . ചലച്ചിത്ര അക്കാദമിയുടെയും സാംസ്കാരിക വകുപ്പിന്റെയും എല്ലാ വിധ നല്ല പ്രവർത്തനങ്ങൾക്കും പൂർണ്ണമായ പിന്തുണ ഉണ്ടായിരിക്കും.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ,
കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ എന്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളതായി മാധ്യമങ്ങളിൽ നിന്നും അറിയുന്നു . ചലച്ചിത്രവുമായി ബന്ധപ്പെട്ട ഒരു അക്കാദമിക് സ്ഥാപനത്തിന്റെ ജനറൽ കൗൺസിൽ അംഗങ്ങളിൽ ഒരാളായി എന്റെ പേര് കൂടി ഉൾപ്പെടുത്തിയത് തീർച്ചയായും വലിയ അംഗീകാരമായി ഞാൻ കാണുന്നു . അക്കാദമി ചെയർമാൻ ശ്രീ. കമലിനും സിനിമാ- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ .കെ . ബാലനും ഇതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്യുന്നു .
ഇവരുടെ നേതൃത്വത്തിൽ, ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ക്രിയാത്മകതയോടെയും ഊർജ്ജസ്വലമായും മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് ഞാൻ. നല്ല സിനിമകൾ നിർമിക്കുവാനും പ്രദർശിപ്പിക്കുവാനും അംഗീകരിക്കുവാനും ഒപ്പം അത്തരം സിനിമകളെ കൂടുതൽ അന്തർ ദേശീയ തലത്തിൽ എത്തിക്കുവാനും പുതിയ ചെറുപ്പക്കാർക്ക് വിട്ടുവീഴ്ചകളില്ലാതെ കലാമൂല്യ സിനിമകൾ നിർമിക്കുവാൻ സഹായം ലഭ്യമാകുന്ന തരത്തിൽ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാനും ഉതകുന്ന തരത്തിൽ ചലച്ചിത്ര അക്കാദമിയെയും കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയെയും പുതുക്കി നിർവചിക്കാൻ ശ്രീ കമലിന്റെ നേതൃത്വത്തിന് സാധ്യമാകണം എന്നും ഞാൻ ആഗ്രഹിക്കുന്നു .
ശ്രീ . കമൽ , മഹേഷ് പഞ്ചു ,ബീനാ പോൾ എന്നീ അക്കാദമിയുടെ ഭാരവാഹികളും റസൂൽ പൂക്കുട്ടി, കെ . ആർ . മോഹൻ ,സിബി മലയിൽ , സി. എസ് . വെങ്കിടേശ്വരൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെട്ട ജനറൽ കൗൺസിലിനും ഇത്തരത്തിൽ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ നവീകരിക്കാൻ സാധിക്കും എന്നും ഞാൻ കരുതുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കലാമൂല്യ സിനിമകളുമായി സജീവ ബന്ധം പുലർത്തുന്ന ആളുകളെയാണ് കൂടുതലായും ജനറൽ കൗൺസിൽ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതും ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്നു .ഇങ്ങനെയുള്ള പ്രഗത്ഭർ അടങ്ങിയ ജനറൽ കൗൺസിലിലേക്ക് എന്റെ പേര് കൂടി ഉൾപ്പെടുത്തിയതിലുള്ള നന്ദി ഒരിക്കൽ കൂടി പ്രകടിപ്പിച്ചു കൊണ്ട് എന്റെ ഒരു പ്രതിസന്ധി തുറന്നു പറയാൻ ആഗ്രഹിക്കുന്നു .
നിരന്തരമായി സിനിമകൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ സിനിമകൾ എല്ലാ വർഷവും സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കും , കേരള ചലച്ചിത്ര മേളയ്ക്കും പരിഗണനക്കായി സമർപ്പിക്കാറുണ്ട് (ആ സിനിമകളുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവരുടെ മേഖലകളിൽ പുരസ്‌കാര സാധ്യതകൾ ഉണ്ടെങ്കിൽ അതിനുള്ള അവസരം നിഷേധിക്കരുത് എന്ന ചിന്തയോടെയാണ് പുരസ്‌കാരങ്ങൾക്ക് എന്റെ സിനിമകൾ സമർപ്പിക്കുന്നത്). പക്ഷെ, ചലച്ചിത്ര അക്കാദമിയുടെ ഒരു തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ ഇരുന്നു കൊണ്ട് അക്കാദമിയുടെ തന്നെ ചുമതലയിലുള്ള അവാർഡുകൾക്കും മേളയ്ക്കുമായി സിനിമകൾ സമർപ്പിക്കുന്നത് ശരിയായ ഒരു രീതിയല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ചലച്ചിത്ര അക്കാദമിയുടെ നിയമാവലി അനുസരിച്ച് ജനറൽ കൗൺസിൽ അംഗങ്ങൾക്ക് തങ്ങളുടെ സിനിമകൾ അവാർഡിനും മേളയ്ക്കും സമർപ്പിക്കുന്നതിൽ നിയമപരമായും സാങ്കേതികമായും തടസ്സങ്ങൾ ഇല്ല. മുൻ കാലങ്ങളിൽ അത്തരം കീഴ്വഴക്കങ്ങൾ ഉണ്ടായിട്ടുമുണ്ട് . പക്ഷെ ധാർമികമായി ഇത് ശരിയല്ല എന്നാണു വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത് .അതുകൊണ്ട് തന്നെ ഈ ധാർമികത മുൻനിർത്തി അക്കാദമിയുടെ ജനറൽ കൗൺസിൽ സ്ഥാനത്ത് പ്രവർത്തിക്കുവാൻ ആശയപരമായി ബുദ്ധിമുട്ടുണ്ട് എന്ന് വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ . ജനറൽ കൗൺസിൽ സ്ഥാനം ഏറ്റെടുക്കണം എന്ന് ശ്രീ കമൽ സാർ മാസങ്ങൾക്ക് മുൻപ് എന്നോട് ആവശ്യപ്പെട്ടപ്പോഴും ഞാൻ ഇതേ മറുപടി തന്നെയാണ് നൽകിയിരുന്നത് . ലോകത്തെ പല ചലച്ചിത്ര മേളകളിലും പങ്കെടുക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അനുഭവങ്ങൾ അക്കാദമി പ്രവർത്തനങ്ങൾക്ക് സഹായകമാകും എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആണ് എന്റെ എതിർപ്പിനെ മറികടന്ന് ഈ സ്ഥാനത്തേക്ക് എന്റെ പേര് സ്നേഹത്തോടെ നിർദ്ദേശിക്കുവാൻ കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ നിലപാടുകളിലും ആശയങ്ങളിലും ഉറച്ച് നിൽക്കണം എന്ന് വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ധാർമികതയുടെ പേരിൽ ജനറൽ കൗൺസിൽ സ്ഥാനത്ത് നിന്നും എന്നെ ഒഴിവാക്കി തരണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു .
ചലച്ചിത്ര അക്കാദമിയുടെ ക്രിയാത്മകമായ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും എന്റെ ഭാഗത്ത് നിന്നുമുള്ള പൂർണ പിന്തുണയും സഹകരണവും സഹായവും ഉണ്ടാകും എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.
സ്നേഹാദരങ്ങളോടെ,
ഡോ : ബിജു.