'നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ'- ഷാജി കൈലാസ്
|ഷാജി കൈലാസിന് കലാഭവന്‍ മണി വെറുമൊരു സഹപ്രവര്‍ത്തകനോ അഭിനേതാവോ മാത്രമായിരുന്നില്ല. തന്റെ സ്വന്തം കുടുംബത്തിലെ ഒരാളായിരുന്നു മണിയെന്ന് ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസിന് കലാഭവന്‍ മണി വെറുമൊരു സഹപ്രവര്‍ത്തകനോ അഭിനേതാവോ മാത്രമായിരുന്നില്ല. തന്റെ സ്വന്തം കുടുംബത്തിലെ ഒരാളായിരുന്നു മണിയെന്ന് ഷാജി കൈലാസ് പറയുന്നു. സ്വന്തം കുടുംബത്തിലെ ഒരാള്‍ പറയാതെ പടിയിറങ്ങിപ്പോയ ഒരു സങ്കടം. ഇറങ്ങിപ്പോയ അയാള്‍ ഇനി തിരിച്ചുവരില്ല എന്നു കൂടി അറിയുമ്പോള്‍ ആ സങ്കടം ഇരട്ടിയാകുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.
'നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞാന്‍ വിളിച്ചാല്‍ എവിടെയാണ് ഷൂട്ടിംഗ്? എന്താണു റോള്‍? എന്നൊന്നും ചോദിക്കാതെ ഓടിവരുന്ന മണിയെ മാത്രം. ആ ശരീരത്തില്‍ ഇനി ജീവന്റെ തുടിപ്പുകള്‍ ബാക്കിയില്ല എന്നോര്‍ക്കുവാന്‍ പോലും സാധിക്കില്ല, ആ ചേതനയറ്റ ശരീരം കാണുവാനുള്ള ശക്തിയും എനിക്കില്ല. ഒരിക്കല്‍ ഷൂട്ടിംഗിനിടയില്‍ മണിയുടെ റൂമിലേക്ക് കടന്നുച്ചെന്ന ഞാന്‍ കണ്ടതു തറയില്‍ കിടന്നുറങ്ങുന്ന മണിയെ ആയിരുന്നു. അവന്റെ ഡ്രൈവറും മറ്റുള്ളവരും ബെഡിലും. ഞാന്‍ അവനോടു ചോദിച്ചു ഇതെന്താ ഇങ്ങനെയെന്നു. അവന്‍ പറഞ്ഞ മറുപടി മാത്രം മതിയായിരുന്നു അവനെ ജനങ്ങള്‍ക്കു ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം അറിയാന്‍. ' ഞാന്‍ എന്നും ബെഡില്‍ അല്ലേ കിടന്നുറങ്ങുന്നത്? പക്ഷെ ഇവര്‍ അങ്ങനെയല്ലല്ലോ?'
ഷൂട്ടിംഗ് ലൊകേഷനില്‍ അവനെ കാണാന്‍ വരുന്നവര്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുക്കാതെ അവന്‍ ഒരിക്കലും തിരിച്ചയച്ചിട്ടില്ല. ജീവിതത്തിന്റെ എല്ലാ കയ്പ്പുരസങ്ങളും രുചിച്ചറിഞ്ഞു അതിനോടെല്ലാം പടവെട്ടി ജയിച്ചു കയറിവന്ന ആ കലാകാരനോട് ആദരവും അല്പം അസൂയയും തോന്നുന്നതില്‍ ഒരു തെറ്റുമില്ല. കടന്നുവന്ന വഴികള്‍ മറക്കാതെ, വളര്‍ത്തി വലുതാക്കിയവരെ മറക്കാതെ അവരിലൊരാളായി ജീവിച്ച മണി ഇത്ര നേരത്തെ യാത്ര പറഞ്ഞു പിരിയേണ്ട ഒരാളായിരുന്നില്ല. തന്റെ സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ആ മണികിലുക്കം ഇനി ഓര്‍മകളില്‍ മാത്രം എന്ന് തിരിച്ചറിയുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങലാണ്. സ്വന്തം കുടുംബത്തിലെ ഒരാള്‍ പറയാതെ പടിയിറങ്ങിപ്പോയ ഒരു സങ്കടം. ഇറങ്ങിപ്പോയ അയാള്‍ ഇനി തിരിച്ചുവരില്ല എന്നു കൂടി അറിയുമ്പോള്‍ ആ സങ്കടം ഇരട്ടിയാകുന്നു.
നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച് പിരിഞ്ഞുപോയ പ്രിയ സുഹൃത്തിനു കണ്ണുനീരില്‍ കുതിര്‍ന്ന വിട...
നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ വിളിച്ചാൽ എവിടെയാണ് ഷൂട്ടിംഗ്? എന്താണു റോൾ? എന്നൊന്നും ചോദി...
Posted by Shaji Kailas on Monday, March 7, 2016