മോഹന്‍ലാലിന്റെ വില്ലന്‍ ഈ മാസം 27നെത്തും
|കേരളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ റിലീസിനാണ് വില്ലന്‍ ഒരുങ്ങുന്നത്.
മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ തീയറ്ററുകളിലേക്കെത്താന്‍ ഇനി 25 ദിവസം കൂടി. കേരളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ റിലീസിനാണ് വില്ലന്‍ ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനം വ്യാഴാഴ്ച എത്തും.
പൂര്‍ണമായും ക്രൈം ത്രില്ലറായാണ് ബി ഉണ്ണികൃഷ്ണന് ചിത്രം ഒരുക്കിയത്. ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ റോക്ലൈന് ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്.
ഈ മാസം 27നാണ് വില്ലന്‍ തീയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിനൊപ്പം തെലുങ്കിലും ചിത്രം പുറത്തിറങ്ങും. ജനത ഗാരേജിന്റെ വലിയ വിജയത്തിന് ശേഷം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട്. മോഹന്‍ലാലിനൊപ്പം വിശാല്‍, ഹന്‍സിക, ശ്രീകാന്ത് എന്നിവരുടെ സാന്നിധ്യവും കേരളത്തിന് പുറത്ത് ചിത്രത്തെ സംസാരവിഷയമാക്കുന്നു. കേരളത്തില്‍ മാത്രം മുന്നൂറിലധികം തീയറ്ററുകളിലാണ് സിനിമയുടെ റിലീസ്. മലയാളത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ റിലീസാകും വില്ലന്റേത്.
ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ റോളാണ് മോഹന്‍ലാലിന്. ഒടുവില്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം പോലെ രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ വില്ലനിലും എത്തുന്നത്. പൊലീസ് ഓഫീസറുടെ ലുക്കിലും റിട്ടേര്‍ഡ് ആയതിന് ശേഷമുള്ള ലുക്കിലും. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിലെത്തുന്നു.. സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും സിനിമയുടെ ഭാഗമായുണ്ട്.
മനോജ് പരമഹംസയും എന്‍ കെ ഏകാംബരവുമാണ് ഛായാഗ്രഹകന്. ഒപ്പത്തിലെ ഗാനങ്ങളൊരുക്കിയ ഫോര്‍ മ്യൂസിക്സ് ആണ് വില്ലനിലെ ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം വ്യാഴാഴ്ച പുറത്തിറങ്ങും. എസ്രയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ സുശിന്‍ ശ്യാം ആണ് വില്ലന്റെയും പശ്ചാത്തലസംഗീതത്തിന് പിന്നില്‍. ചാര്‍ലിയിലൂടെയും അങ്കമാലി ഡയറീസിലൂടെയും ശ്രദ്ധേയനായ ഷമീര്‍ മുഹമ്മദാണ് വില്ലന്റെ ചിത്രസംയോജകന്‍. രണ്ട് മണിക്കൂറും 17 മിനിറ്റുമാണ് വില്ലന്റെ മൊത്തം ദൈര്‍ഘ്യം.