അവിടെയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം അറിയുന്നത്: എംഎ നിഷാദ്
|സിനിമ വെറുമൊരു കളിയല്ല, ജയവും തോല്‍വിയുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്
ബെസ്റ്റ് ഓഫ് ലക്ക് സിനിമയെക്കുറിച്ചുള്ള പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തില്‍ മറ്റൊരു കുറിപ്പുമായി സംവിധായകന് എംഎ നിഷാദ് രംഗത്ത്. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത് അവിടെയാണെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ വെറുമൊരു കളിയല്ല, ജയവും തോല്‍വിയുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. അതൊരു കഥ പറച്ചിലാണ്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍ ചില നടീനടന്മാരുടെ വിചാരം അവര്‍ക്കെല്ലാ കഥാപാത്രങ്ങളും യോജിക്കുമെന്നാണ്. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചിലര്‍ക്ക് മാത്രമേ ചേരൂ. അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ.. അത് അപ്രിയമാണെങ്കില്‍...എന്നാണ് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.
അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര് ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക് എന്നായിരുന്നു നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അഭിനയിക്കാന്‍ അറിയാവുന്ന ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് പേരാണ് ആ സിനിമ ചെയ്തത് എങ്കില്‍ ഹിറ്റായേനെ.ഒരു സംവിധായകന് എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനാകാതെ പോയ സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക് എന്നും നിഷാദ് പറയുന്നു. ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്ക്കാന് അവര്‍ക്ക് കഴിഞ്ഞില്ല.
2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്കില്‍ ഉര്‍വ്വശി, പ്രഭു, ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. എം.എ നിഷാദും വിനു കിരിയത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.