Entertainment
ജയരാജ് മികച്ച സംവിധായകന്‍; ഫഹദ് സഹനടന്‍, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശംജയരാജ് മികച്ച സംവിധായകന്‍; ഫഹദ് സഹനടന്‍, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം
Entertainment

ജയരാജ് മികച്ച സംവിധായകന്‍; ഫഹദ് സഹനടന്‍, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം

Sithara
|
3 Jun 2018 5:20 PM GMT

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാള തിളക്കം.

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാള തിളക്കം. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശം നേടി. ശ്രീദേവി മികച്ച നടിയായും (മോം) റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അസം ചിത്രമായ വില്ലേജ് റോക്ക്സ്റ്റാര്‍സാണ് മികച്ച ചിത്രം.

മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം) നേടി. സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം ആളൊരുക്കത്തിനാണ്. കെ ജെ യേശുദാസാണ് (വിശ്വാസപൂര്‍വ്വം മന്‍സൂര്‍) മികച്ച ഗായകന്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം സന്തോഷ് രാമന്‍ (ടേക്ക് ഓഫ്) സ്വന്തമാക്കി.

മികച്ച ഹിന്ദി ചിത്രമായി ന്യൂട്ടണും ബംഗാളി ചിത്രമായി മയൂരക്ഷിയും തമിഴ് ചിത്രമായി ടു ലൈറ്റും തെലുങ്ക് ചിത്രമായി ഗാസിയും ഒറിയ ചിത്രമായി ഹലോ ആര്‍സിയും കന്നഡ ചിത്രമായി ഹെബ്ബട്ടു രാമക്കയും മറാത്തി ചിത്രമായി അച്ച നിമ്പുവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അഡ്വഞ്ചര്‍ ചിത്രം ലഡാക് ചലേ റിക്ഷാവാലേയാണ്. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും ആക്ഷന്‍ സംവിധാനത്തിനുള്ള പുരസ്കാരവും ബാഹുബലി 2 സ്വന്തമാക്കി.

കഥേതര വിഭാഗത്തില്‍ വരുണ്‍ ഷായുടെ വാട്ടര്‍ ബേബി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം മലയാളിയായ അനീസ് കെ മാപ്പിളയുടെ സ്ലേവ് ജനിസിസ് നേടി. ഗിരിധര്‍ ധായാണ് മികച്ച സിനിമാ നിരൂപകന്‍.

ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 321 ചിത്രങ്ങളാണ് പുരസ്കാര പരിഗണനയ്ക്കെത്തിയത്. പ്രാദേശിക സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി വിലയിരുത്തി.

മറ്റ് പുരസ്കാരങ്ങള്‍

സഹനടി- ദിവ്യ ദത്ത
സംഗീത സംവിധായകന്‍- എ ആര്‍ റഹ്മാന്‍
ഗായിക- സാഷാ തിരുപ്പതി
ഗാനരചയിതാവ്- ജയന്‍ പ്രദാന്‍
എഡിറ്റിങ്- റിമ ദാസ്
കോറിയോഗ്രഫി- ഗണേഷ് ആചാര്യ
ദേശീയോദ്ഗ്രഥന ചിത്രം- ധപ്പ
ബാലതാരം- ഭാനിത ദാസ്
മെയ്ക് അപ് ആര്‍ട്ടിസ്റ്റ്- രാം രസക്
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍

Related Tags :
Similar Posts