ഹാപ്പി ബര്‍ത്ഡേ ലാലേട്ടാ...
|മലയാളിയുടെ ജീവിതം ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്
''ഒരിക്കല്‍ സ്വര്‍ഗത്തിലെ ദൈവത്തിനു അഭിനയിക്കണമെന്ന് തോന്നി അദ്ദേഹം ഭൂമിയില്‍ അവതരിച്ചു ഞങ്ങള്‍ അവനെ ലാലേട്ടാ എന്നു വിളിച്ചു''.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇടുന്ന ചിത്രങ്ങള്‍ക്ക് സ്ഥിരം കാണുന്ന ഒരു കമന്റാണിത്. ആരാധകരുടെ അതിര് കവിഞ്ഞ ആരാധനയുടെ തെളിവായി ഇതിനെ കാണാമെങ്കിലും ലാലിനെ നടനകലയിലെ ദൈവം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക. എത്രയോ കാലങ്ങളായി ലാല്‍ നമ്മുടെ കാഴ്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട്. കാലങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് മേയ് 21 ലാലേട്ടെന്റ പിറന്നാളാണ്.
ലാലിന്റെ നടന വൈഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും എഴുതേണ്ട ആവശ്യമില്ല, അത് കാലങ്ങള്‍ക്ക് മുന്‍പേ എഴുതപ്പെട്ടതാണ്. മലയാളിയുടെ ജീവിതം ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ലാലിന്റെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കാത്ത ഒരു ദിവസമെങ്കിലും ഉണ്ടാകുമോ മലയാളിക്ക്. കാമുകനായും വില്ലനായും അച്ഛനായും മകനായുമെല്ലാം ലാല്‍ നമുക്ക് മുന്നില്‍ നിറഞ്ഞാടി. മകനായി അഭിനയിക്കുമ്പോള്‍ ഓമനത്തമുള്ള മകനായി, കാമുകനാകുമ്പോള്‍ ലാലിനെപ്പോലെ ഇത്രയധികം പ്രണയാര്‍ദ്ദനായ കാമുകനുണ്ടാകില്ല, മീശ പിരിച്ച് ലാലെത്തുമ്പോള്‍ പൌരുഷത്തിന്റെ പ്രതീകമായി, മലയാളിയുടെ എല്ലാ ഭാവങ്ങളിലും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു. അടുത്ത വീട്ടിലെ പയ്യന്‍ എന്ന് പല നടന്മാരെയും വിശേഷിപ്പിക്കുമ്പോള്‍ സ്വന്തം വീട്ടിലെ ആള്‍ എന്ന നിലയിലാണ് മലയാളി ലാലിനെ കണ്ടത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പ് മാജിക് ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ പ്രതിഷേധം അലയടിച്ചത്.
ഇടയ്ക്ക് സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് മൂലം ലാല്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മോഹന്‍ലാലിന്റെ കാലം കഴിഞ്ഞുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ലാലിനെ അങ്ങിനെയങ്ങ് കൈവിട്ട് കളയാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുമായിരുന്നില്ല. വീണ്ടും ലാല്‍ സിനിമകളെക്കൊണ്ട് തിയറ്ററുകള്‍ ഹൌസ് ഫുള്ളായി. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ദൃശ്യം എന്ന ചിത്രം ഇതിന് തെളിവായിരുന്നു. നീരാളി, ഒടിയന്‍, രണ്ടാമൂഴം, കുഞ്ഞാലി മരയ്ക്കാര്‍, ലൂസിഫര്‍ കൈനിറയെ ചിത്രങ്ങളുമായി ഈ വര്‍ഷവും വൈവിധ്യ വേഷങ്ങളുമായി ലാല്‍ മലയാളിയെ അതിശയിപ്പിക്കാനൊരുങ്ങുകയാണ്. ലാല്‍ ആരാധനയുടെ കഥയുമായി ഈ വര്‍ഷം തിയറ്ററിലെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു. ലാലേട്ടനെ കുറിച്ചുള്ള പാട്ടുകള്‍ ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങളെ പോലെ കേരളം നെഞ്ചിലേറ്റി.
നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നതിലുപരി മോഹന്‍ലാല്‍ എന്ന എഴുത്തുകാരനേയും നാം കണ്ടു. ലാലിന്റെ ബ്ലോഗ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലാലിന്റെ ബ്ലോഗുകള്‍ ശ്രദ്ധേയങ്ങളാണ്. പറഞ്ഞു തീരാനാവാത്ത വിസ്മയം പോലെ ഈ അമ്പത്തിയെട്ടാം വയസിലും ലാല്‍ ജൈത്രയാത്ര തുടരുകയാണ് പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവുമായി.