ഇരുപത്തിയഞ്ചിന്റെ തിളക്കത്തില്‍ ഭരതം
|1991 മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ചെയ്തത്
രക്തം പുരണ്ട ചേട്ടന്റെ വസ്ത്രങ്ങള്‍ കയ്യിലെടുത്ത് വിങ്ങിപ്പൊട്ടുന്ന കല്ലൂര്‍ ഗോപിനാഥന്. ചേട്ടന് മരിച്ചത് അറിയിക്കാതെ സഹോദരിയുടെ വിവാഹം നടത്തേണ്ടി വന്ന ഗോപിനാഥന്...ഒരു വേദനയായി ഇപ്പോഴും നമ്മുടെ മനസിലുണ്ട്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയ ഭരതം തീര്‍ച്ചയായും ഒരു സിനിമാകാവ്യം തന്നെയായിരുന്നു. 1991 മാര്‍ച്ച് 29 ന് തിയറ്ററുകളിലെത്തിയ ഭരതം ഇന്ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്.
കഥ,തിരക്കഥ,സംവിധാനം,അഭിനയം, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും മഹാരഥന്മാര് ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭരതം. ചിത്രം തിയറ്ററുകളിലെത്തി ആദ്യ ദിവസം തന്നെ മികച്ച സിനിമ എന്ന അഭിപ്രായം നേടിയിരുന്നു. സംഗീതഞ്ജരും സഹോദരന്മാരുമായ കല്ലൂര്‍ ഗോപിനാഥന്റെയും കല്ലൂര്‍ രാമനാഥന്റെയും കഥയാണ് ഭരതം പറഞ്ഞത്. മോഹന്‍ലാലും നെടുമുടി വേണുവുമായിരുന്നു സഹോദരന്മാരെ അവതരിപ്പിച്ചത്. ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലാലിന് നേടിക്കൊടുത്തു. ഉര്‍വ്വശി, ലക്ഷ്മി, ഒടുവില്‍ ഉണ്ണികൃഷ്ണന്, കവിയൂര്‍ പൊന്നമ്മ, സുചിത്ര, ലാലു അലക്സ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.
മികച്ച സംഗീത വിരുന്ന് കൂടിയായിരുന്നു ഭരതം പ്രേക്ഷകര്‍ക്ക് നല്‍കിയത്. കൈതപ്രത്തിന്റെ വരികള്‍ക്ക് രവീന്ദ്രന് ഈണമിട്ട പാട്ടുകള്‍ ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ആലാപനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരത്തിന് യേശുദാസും മികച്ച സംഗീത സംവിധായകനുള്ള ദേശീയ ജൂറിയുടെ പരാമര്‍ശത്തിന് രവീന്ദ്രനും അര്‍ഹരായി. മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ മികച്ച 25 പ്രകടനങ്ങളില്‍ ഒന്നായി ഫോര്‍ബ്സ് മാഗസിന് തെരഞ്ഞെടുത്തത് ഭരതത്തിലെ മോഹന്‍ലാലിന്റെ പ്രകടനമായിരുന്നു. ചിത്രം സീനു എന്ന പേരില്‍ തമിഴിലും റീമേക്ക് ചെയ്തിരുന്നു.