ജി.എസ്.ടി പ്രാബല്യത്തിൽ വന്നാൽ സിനിമാ അഭിനയം നിർത്തേണ്ടിവരുമെന്ന് കമൽ ഹാസൻ
|ചരക്കുസേവന നികുതിയേയും ഒരു ഇന്ത്യ, ഒരു നികുതി എന്ന ആശയത്തെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ നിരക്ക് പ്രാദേശിക സിനിമാ മേഖലയെ തകർക്കും.
ജി.എസ്.ടി പ്രാബല്യത്തിൽ വന്നാൽ സിനിമാ അഭിനയം നിർത്തേണ്ടിവരുമെന്ന ഭീഷണിയുമായി തമിഴ് നടൻ കമൽ ഹാസൻ. വിനോദ മേഖലയിൽ സേവന നികുതി 28 ശതമാനം വർധിപ്പിച്ചതിനെ കമല്‍ ശക്തമായി എതിർത്തു. ഇത് സിനിമാ മേഖലയുടെ തകർച്ചയ്ക്കു വഴിമരുന്നിടുമെന്ന് അദ്ദേഹം പറഞ്ഞു.
ചരക്കുസേവന നികുതിയേയും ഒരു ഇന്ത്യ, ഒരു നികുതി എന്ന ആശയത്തെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ നിരക്ക് പ്രാദേശിക സിനിമാ മേഖലയെ തകർക്കും. എനിക്ക് ഈ നിരക്ക് വഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ സിനിമാരംഗം വിടും. ഞാൻ സർക്കാരിനുവേണ്ടിയല്ല ജോലി ചെയ്യുന്നത്. ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ? - കമൽഹാസൻ ചോദിക്കുന്നു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ പ്രദേശിക സിനിമകളെയും ഹോളിവുഡ്, ബോളിവുഡ് സിനിമകളെയും ഒരു തട്ടിൽ കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ഒന്നു മുതൽ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗം വസ്തുക്കളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയപ്പോൾ മറ്റു വസ്തുക്കൾക്ക് അഞ്ചു മുതൽ 28 ശതമാനം വരെയാണ് നികുതി വർധിപ്പിച്ചത്.