Entertainment
പ്രേമം അങ്ങിനെ തുള്ളിത്തുളുമ്പിയിട്ട് മൂന്നു വര്‍ഷംപ്രേമം അങ്ങിനെ തുള്ളിത്തുളുമ്പിയിട്ട് മൂന്നു വര്‍ഷം
Entertainment

പ്രേമം അങ്ങിനെ തുള്ളിത്തുളുമ്പിയിട്ട് മൂന്നു വര്‍ഷം

Jaisy
|
5 Jun 2018 5:14 AM GMT

പ്രേമം റിലീസ് ചെയ്തിട്ട് മൂന്നു വര്‍ഷം തികയുമ്പോള്‍ നിവിനും സായ് പല്ലവിയുമെല്ലാം അവരുടെ ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു

ട്രയിലറും കൊട്ടിഘോഷിക്കലുകളൊന്നുമില്ലാതെയാണ് ആ സിനിമ തിയറ്ററുകളിലെത്തിയത്. അതിനു മുന്‍പ് പുറത്തിറങ്ങിയത് ആലുവാപ്പുഴയുടെ തീരത്ത് എന്നൊരു പാട്ടും കൂടെ ചുരുണ്ട മുടിക്കാരി മേരിയും മാത്രം. ഇതും രണ്ടും വച്ചാണ് പലരും തിയറ്റുകളിലെത്തിയത്. അല്‍ഫോന്‍സ് പുത്രന്‍ എന്ന യുവസംവിധായകന്റെ രണ്ടാമത്തെ ചിത്രം, നായകന്‍ നിവിന്‍ പോളി, നായികമാരെക്കുറിച്ചാണെങ്കില്‍ ഒരു സൂചന പോലുമില്ല. പക്ഷേ ഒറ്റ ദിവസം കൊണ്ടു തന്നെ പ്രേമം കേരളക്കരയാകെ തരംഗമായി മാറുകയായിരുന്നു. പ്രേമം റിലീസ് ചെയ്തിട്ട് മൂന്നു വര്‍ഷം തികയുമ്പോള്‍ നിവിനും സായ് പല്ലവിയുമെല്ലാം അവരുടെ ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

പ്രേമം ഇറങ്ങി രണ്ടാം ദിവസം തന്നെ മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നു. ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത അവസ്ഥ. തിയറ്ററുകളിലെ നീണ്ട ക്യൂ..കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യം മാത്രം പ്രേമം കണ്ടോ എന്ന്. അങ്ങിനെ പ്രേമം തുള്ളിത്തുളുമ്പി. ജോര്‍ജ്ജും മേരിയും മലര്‍ മിസും സെലിനും ശംഭുവും കോയയും വിമല്‍ സാറും ശിവന്‍ സാറും പ്രിന്‍സിപ്പാളും കാന്റീന്‍കാരനും അങ്ങിനെ പ്രേമത്തിലെ ഒരു ചെറിയ സീനില്‍ പ്രത്യക്ഷപ്പെട്ടവര്‍ പോലും പ്രേക്ഷകരുടെ ഇഷ്ടങ്ങളില്‍ കയറിപ്പറ്റി.

നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് പ്രേമം കടന്നു പോയത്. പറയത്തക്ക കഥയൊന്നുമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവ് പ്രേമത്തിനുണ്ടായിരുന്നു. ചിത്രത്തിലെ തമാശകള്‍ ഇന്നും ഹിറ്റാണ്. ആലുവാപ്പുഴയുടെ തീരത്ത് എന്ന പാട്ടാണ് ആദ്യം എത്തിയതെങ്കിലും മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന പാട്ടാണ് പിന്നീട് പ്രണയികളുടെ ഇഷ്ടഗാനമായി മാറിയത്.

ചിത്രത്തിലെ നിവിന്റെ കോസ്റ്റ്യൂമും ഹിറ്റായി. കറുത്ത കൂളിംഗ് ഗ്ലാസും കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും താടിയുമെല്ലാം കേരളത്തിലെ യുവാക്കളുടെ സ്റ്റൈലായി മാറി. മലരിനെപ്പോലെ മുഖക്കുരുവുള്ള പെണ്‍കുട്ടികള്‍ അത് മറയ്ക്കാതെ ഭംഗിയായി ചിരിച്ചു. ചുരുണ്ട മുടിക്കാരികള്‍ മേരിയെപ്പോലെ ഒരു വശത്തേക്ക് മുടിയഴിച്ചിട്ട് നടന്നു. അക്കൊല്ലത്തെ ഓണത്തിന് പ്രേമത്തിന്റെ നിറമായിരുന്നു.

ഇതിനിടെ പ്രേമത്തിന്റെ പകര്‍പ്പ് സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും ചോര്‍ത്തിയതും വിവാദമായിരുന്നു. വിവാദങ്ങളുടെ ചൂടിലും പ്രേമം ഹൌസ്ഫുള്ളായി ഓടിക്കൊണ്ടിരുന്നു. തമിഴ്നാട്ടിലും പ്രേമം ഹിറ്റായിരുന്നു. മലരിനെയും സെലിനെയും തമിഴകം നെഞ്ചിലേറ്റി. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തെങ്കിലും ട്രോളുകള്‍ക്ക് ഇരയാവാനായിരുന്നു വിധി. പ്രേമത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Related Tags :
Similar Posts