കാല ഇന്റര്‍നെറ്റില്‍
|തമിഴ്നാട്ടിൽ മാത്രം എഴുന്നൂറ് തിയറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യുന്നത്
രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. പുലര്‍ച്ചെ 5.28നാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ ചിത്രം തിയറ്ററുകളിലെത്തി. പതിവ് ആവേശമില്ലാതെയാണ് കാലയുടെ വരവ്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമാണിത്. പ്രതികൂല സാഹചര്യത്തിൽ ഒരു രജനി ചിത്രം ഇറങ്ങുന്നത് ഇത് ആദ്യമാണ്. തമിഴ്നാട്ടിൽ മാത്രം 700 തിയറ്ററുകളിലാണ് റിലീസ്. ചെന്നൈ കാനത്തൂരിലെ മായാജാലിൽ ദിവസവും എഴുപത്തിയഞ്ച് പ്രദർശനങ്ങളുണ്ട് . തുത്തുക്കുടിയിൽ വെടിവയ്പിലേക്ക് നയിച്ചത് സമരത്തിൽ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്ന രജനീകാന്തിന്റെ വിവാദ നിലപാടുകൾ സിനിമയെ ദോഷകരമായി ബാധിച്ചേക്കും. പതിവിൽ നിന്ന് വിപരീതമായി ടിക്കറ്റ് വിൽപനയും മന്ദഗതിയിലാണ്. എങ്കിലും ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളെല്ലാം രജനി മക്കൾ മൺട്രം പ്രവർത്തകർ പൂർത്തിയാക്കി. കർണാടയിൽ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാല റിലീസ് ചെയ്യുന്ന തിയറ്ററുകൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നടൻ ധനുഷാണ് നിർമിക്കുന്നത്.