Entertainment
ഇനി അമ്മയില്‍ തുടരാനില്ലെന്ന് റിമ
Entertainment

ഇനി അമ്മയില്‍ തുടരാനില്ലെന്ന് റിമ

Web Desk
|
26 Jun 2018 4:46 PM GMT

അമ്മ ഒരു ജനാധിപത്യ സംഘടനയാണെന്ന വിശ്വാസം ഇനി ഇല്ലെന്ന് റിമ പറഞ്ഞു

നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ സിനിമാ പ്രവർത്തകർക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. അമ്മ എന്ന സംഘടനയിൽ ഇനി തുടരാനില്ലെന്ന് നടി റിമ കല്ലിങ്കൽ വ്യക്തമാക്കി.

"എന്തുകൊണ്ട് അമ്മ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കിയില്ല എന്നാണ് എല്ലാവരും ഞങ്ങളോട് ചോദിക്കുന്നത്. രണ്ട് കാര്യങ്ങളാണ് അതില്‍ ഉള്ളത്. ഈ സംഭവം നടന്നിട്ട് ഒരു വര്‍ഷമായി. പല രീതിയില്‍ അമ്മയുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചു. പക്ഷേ അമ്മ അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയില്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് മറുപടി തന്നതെന്ന് എല്ലാവരും കണ്ടതാണ്. മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ ആ സ്കിറ്റിലുണ്ടായിരുന്നു. ഇനിയും അവരോട് എന്താണ് ചര്‍ച്ച ചെയ്യേണ്ടത്? അമ്മയില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജനാധിപത്യപരമായ പൊതുഇടത്തില്‍ പറയുന്നു"വെന്ന് ഡബ്ല്യുസിസി ഫേസ് ബുക്കിലൂടെ പ്രതികരിച്ചതിനെ പരാമര്‍ശിച്ച് റിമ വ്യക്തമാക്കി.

മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, രണ്ടു പ്രാവശ്യം ജാമ്യം നിഷേധിക്കപ്പെട്ട വ്യക്തിയും അതിക്രമത്തെ അതിജീവിച്ച വ്യക്തിയും സംഘടനയുടെ ഭാഗമായി നില്‍ക്കുന്നു. വളരെ വ്യക്തമായി സംഘടന കുറ്റാരോപിതനൊപ്പം നില്‍ക്കുമ്പോള്‍ വ്യക്തിപരമായി സംഘടനയുമായി യോജിച്ച് പോകാനാവില്ല. അമ്മ ജനാധിപത്യ സംഘടനയാണെന്ന വിശ്വാസം ഇനി ഇല്ല. ആ സംഘടനയില്‍ ജനാധിപത്യമായ രീതിയിലൊരു മാറ്റം പെട്ടെന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് റിമ വ്യക്തമാക്കി.

സിനിമ കുറച്ചാളുകളുടെ കുത്തകയായിരുന്ന കാലം മാറി. ഒതുക്കാനുള്ള ശ്രമങ്ങളുണ്ടാകും. പക്ഷേ പേടിയില്ല. ഇനി പിന്നോട്ടില്ല. എന്തുവന്നാലും അവള്‍ക്കൊപ്പം തന്നെയാണെന്നും റിമ വിശദീകരിച്ചു.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ തീരുമാനമെടുത്തത്. നടപടി സ്ത്രീവിരുദ്ധമാണെന്നും തീരുമാനത്തെ അപലപിക്കുന്നുവെന്നും സിനിമക്കുള്ളിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി ഇന്നലെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി അമ്മയിലേക്കില്ലെന്നും എന്നും അവള്‍ക്കൊപ്പമാണെന്നുമുള്ള ശക്തമായ നിലപാടുമായി റിമ രംഗത്തെത്തിയത്.

Similar Posts