Entertainment
അമ്മയില്‍ താരാധിപത്യവും അടിമത്വവും; നടിമാരുടെ രാജി പുരോഗമനപരമെന്ന് ആഷിഖ് അബു
Entertainment

അമ്മയില്‍ താരാധിപത്യവും അടിമത്വവും; നടിമാരുടെ രാജി പുരോഗമനപരമെന്ന് ആഷിഖ് അബു

Web Desk
|
27 Jun 2018 8:19 AM GMT

പേടിച്ച് ജീവിക്കുന്നവര്‍ ആ സംഘടനയില്‍ തുടരുന്നു. വകവെക്കാത്തവര്‍ ഇറങ്ങിപ്പോന്നു. ആശീര്‍വാദത്തിനായി കുനിഞ്ഞുനില്‍ക്കാതെ, പേടിക്കാതെ സിനിമയെടുത്തിട്ടുള്ളവരാണ് തങ്ങളെ പോലുള്ളവരെന്നും ആഷിഖ് അബു പറഞ്ഞു.

താരസംഘടനയായ അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജി പുരോഗമനപരവും ചരിത്രപരവുമായ തീരുമാനമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അമ്മ എന്ന് പറയുന്നത് ഒരു ക്ലബ്ബാണ്. ആ ക്ലബ്ബ് അതിന്‍റേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ നടിമാര്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യമാണുള്ളതെന്നും ആഷിഖ് പ്രതികരിച്ചു.

അടിമത്വമുള്ള, താരാധിപത്യമുള്ള മേഖലയാണ് മലയാള സിനിമ. തിലകന്‍ ചേട്ടന്‍റെ കാലം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് പെണ്‍കുട്ടികളും തുറന്നുപറഞ്ഞ് തുടങ്ങി. സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമാണ് അമ്മയെന്ന സംഘടനയുടെ ലക്ഷ്യം. അധികാരകേന്ദ്രങ്ങള്‍ കൂടെ ജോലി ചെയ്യുവരെ ഉപദ്രവിക്കാന്‍ തുടങ്ങുമ്പോള്‍ ശബ്ദമുയരും. അതിന്‍റെ ആദ്യപടിയാണ് നടിമാരുടെ തുറന്നുപറച്ചിലുകളെന്നും ആഷിഖ് പറഞ്ഞു.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ രാത്രി തനിച്ച് പുറത്തിറങ്ങരുത് എന്നാണ് ഇന്നസെന്‍റ് നടിമാരോട് പറഞ്ഞത്. പുരോഗമന പ്രസ്ഥാനത്തിന്‍റെ ഭാഗമായി എംപിയായി ഇരിക്കുന്ന ആളാണ് അദ്ദേഹം. ഇത്തരം ചിന്താഗതിക്കാരില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കാന്‍ പോകുന്നതെന്നും ആഷിഖ് ചോദിച്ചു.

അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനാല്‍ തനിക്കെതിരെയും നീക്കങ്ങളുണ്ടായിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഭീഷണികളുണ്ടാകുന്നു, സിനിമകള്‍ക്കെതിരായ പ്രചാരണം നടത്തുന്നു, നടിമാരെയും നടന്മാരെയും ഭീഷണിപ്പെടുത്തുന്നു എല്ലാം ഇവിടെ നടക്കുന്നുണ്ട്. ഇവരെയൊക്കെ പേടിച്ച് ജീവിക്കുന്നവര്‍ ആ സംഘടനയില്‍ തുടരുന്നു. ഇവരെ വകവെക്കാതെ സിനിമയുണ്ടാക്കാം, ജീവിക്കാം എന്ന് തീരുമാനിച്ചവരാണ് ഇറങ്ങിപ്പോന്നത്. മമ്മൂക്കയാണ് ആദ്യമായി വിശ്വസിച്ച് സിനിമ തന്നിട്ടുള്ളത്. ആ നന്ദി നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മമ്മൂക്ക ഉള്‍പ്പെടെ അംഗമായ അമ്മ എന്ന സംഘടന ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹം വിലയിരുത്തും. തിരുത്താന്‍ പറ്റുമെങ്കില്‍ തിരുത്തട്ടെയെന്നും ആഷിഖ് പറഞ്ഞു.

Similar Posts