Entertainment
അമ്മയില്‍ കൂട്ടരാജി; രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ എന്നിവര്‍ രാജിവച്ചു
Entertainment

അമ്മയില്‍ കൂട്ടരാജി; രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ എന്നിവര്‍ രാജിവച്ചു

Web Desk
|
27 Jun 2018 6:36 AM GMT

ഇതോടൊപ്പം ആക്രമിക്കപ്പെട്ട നടിയും രാജി വച്ചതായി അറിയിച്ചു

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. ഡബ്ല്യൂ.സി.സി അംഗങ്ങളായ രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് രാജി വച്ചത്. ഇതോടൊപ്പം ആക്രമിക്കപ്പെട്ട നടിയും രാജി വച്ചതായി അറിയിച്ചു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഡബ്ലൂ.സി.സി പുറത്തുവിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ യോഗത്തിലാണ് താരത്തിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമുണ്ടായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു.

എന്ന് നടി

അവൾക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ' യിൽ നിന്ന് ഞങ്ങളിൽ ചിലർ രാജി വെക്കുന്നു. 1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.പക്ഷേ,സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഒട്ടേറേ സ്ത്രീകൾ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓർക്കണം. മാത്രമല്ല വിമൻ ഇൻ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!

അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ''അമ്മ'യിൽ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .

''അമ്മ' യിൽ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ .

രമ്യാ നമ്പീശൻ

''അമ്മ'യിൽ നിന്ന് ഞാൻ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാൻ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും.

ഗീതു മോഹൻ ദാസ്

ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ 'അമ്മ' വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

റീമ കല്ലിങ്കൽ

അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക്...

Posted by Women in Cinema Collective on Tuesday, June 26, 2018
Related Tags :
Similar Posts